
ഭർത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ ഭർതൃവീട്ടുകാർ കഴുത്തുഞെരിച്ചു കൊന്നു
മറ്റൊരു സ്ത്രീയുമായുള്ള ഭർത്താവിന്റെ ബന്ധത്തെ ചോദ്യം ചെയ്ത നവവധുവിനെ ഭർതൃവീട്ടുകാർ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് ആരോപണം. ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ അലപുർ ഗ്രാമത്തിലാണ് സംഭവം. ഡോ. മുകേഷ് കുമാർ എന്നയാളുടെ ഭാര്യ നിഷയാണ് മരിച്ചത്.
ഈ വർഷം ഫെബ്രുവരി 28നായിരുന്നു മുകേഷും നിഷയും തമ്മിലുള്ള വിവാഹം. കുറച്ചു നാളുകൾക്കു ശേഷം മുകേഷിനു മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നിഷയ്ക്ക് മനസ്സിലായി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരവധി തവണ വഴക്കുണ്ടായതായാണ് വിവരം.
ഭർത്താവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചും വഴക്കിനെക്കുറിച്ചും നിഷ സ്വന്തം വീട്ടുകാരോട് പറഞ്ഞിരുന്നു. മകളുടെ മരണവിവരം പുറത്തു വന്നതിനു പിന്നാലെ ഭർതൃവീട്ടുകാരാണ് ഇതിനു പിന്നിലെന്ന് നിഷയുടെ കുടുംബം ആരോപിച്ചു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകി. സംഭത്തിൽ ഭർത്താവ് മുകേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.