manippooori-issue-maythi-kukk

സ്ത്രീസുരക്ഷയില്‍ പരാജയം: സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന വിഷയത്തില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച രാജസ്ഥാനിലെ മന്ത്രി മണിക്കൂറുകള്‍ക്കകം പുറത്തായി. മന്ത്രി രാജേന്ദ്ര സിങ് ഗുഢയെ പുറത്താക്കാന്‍ മുഖ്യമന്ത്രി അശോഗ് ഗെഹ്‌ലോത് ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര ശുപാര്‍ശ അംഗീകരിച്ചുവെന്നും രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

മണിപ്പുര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സ്ത്രീ സുരക്ഷയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച ഒരു മന്ത്രിക്ക് കസേര തെറിക്കുന്നത്. രാജസ്ഥാന്‍ അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ് മണിപ്പുര്‍ വിഷയം ഉന്നയിച്ചത്. അതിനിടെയാണ് മന്ത്രി സ്വന്തം സര്‍ക്കാരിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന പരമാര്‍ശം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ നാം പരാജയപ്പെട്ടു എന്നതാണ് സത്യമെന്ന് മന്ത്രി പറഞ്ഞു. ‘രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മണിപ്പുര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന നമ്മള്‍ ആത്മപരിശോധന നടത്തണം’ – ഈ വാക്കുകളാണ് മന്ത്രിക്ക് വിനയായത്.

മന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത പ്രതിപക്ഷം സത്യം പറയാന്‍ ധൈര്യം കാട്ടിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. എങ്കിലും മന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനാകെ നാണക്കേടാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഗ്രാമവികസനം, പഞ്ചായത്തിരാജ് എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു രാജേന്ദ്ര സിങ് ഗുഢ.

Leave a Reply

Your email address will not be published.

vinayakan-mammootty-malayalam cinema-award-umman-chandi Previous post തിരിച്ചടിക്കാന്‍ ഒരുങ്ങി വിനായകന്‍
shukkooor-ennaa-thaan-case-kodu-cinima-fame Next post ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്; അഡ്വ.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചു