ksrtc-bus-stand-ari-kadath-crime

ബസുകളിൽ മദ്യവും അരിയും കടത്തി, സൂപ്പർഫാസ്റ്റിൽനിന്ന്‌ 20 കുപ്പി വിദേശമദ്യം കണ്ടെത്തി; കെഎസ്ആർടിസിയിൽ ഒട്ടേറെ കേസുകള്‍

ബസുകളിൽ മദ്യവും അരിയും കടത്തിയതിന് കെ.എസ്.ആർ.ടി.സിയിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ആറുജീവനക്കാർ സസ്പെൻഷനിലായതായി രേഖകൾ. മൂന്നിലേറെ തവണ അരി കടത്തിയതിന് പിടിയിലായ കണ്ടക്ടറും ഇക്കൂട്ടത്തിലുണ്ട്. അരികടത്തിയവരും മദ്യക്കടത്തുകാരും ജീവനക്കാർക്കിടയിലുണ്ടെന്ന, സി.എം.ഡി. ബിജു പ്രഭാകറിന്റെ പരാമർശത്തെത്തുടർന്ന് നടപടിയെടുക്കാത്തത് വീഴ്ചയാണെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം നടത്തിയ പരിശോധനകളിൽ ഒട്ടേറെപ്പേർ സസ്‌പെൻഷനിലായിട്ടുണ്ടെന്ന് രേഖകളിൽനിന്നു വ്യക്തമാണ്.

മിനിലോറിയിൽ കയറ്റേണ്ട ലോഡ് ബസിൽ കയറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരം- നാഗർകോവിൽ ബസിൽനിന്ന്‌ 18 ചാക്ക് അരിയാണ് കണ്ടെടുത്തത്. ഇതിൽ പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ചെങ്ങന്നൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റിൽനിന്ന്‌ 20 കുപ്പി വിദേശമദ്യം കണ്ടെത്തി. കണ്ടക്ടർ സീറ്റിന് അടിയിലാണ് മദ്യം പൊതിഞ്ഞുസൂക്ഷിച്ചിരുന്നത്. മാഹിനിർമിത മദ്യം വിൽപ്പനയ്ക്കുവേണ്ടിയാണ് കടത്തിയത്. സംഭവത്തിൽ ഡ്രൈവർ കം കണ്ടക്ടറെ സസ്പെൻഡ്‌ചെയ്തിരുന്നു.

തിരുവനന്തപുരം-തെങ്കാശി ബസിൽനിന്ന്‌ 16 ചാക്ക് തമിഴ്‌നാട് റേഷനരി പിടികൂടിയതും അടുത്തിടെയാണ്. ആര്യങ്കാവിന് സമീപം പുളിയറയിൽവെച്ച് പരിശോധന നടത്തിയ വിജിലൻസ് സ്ക്വാഡാണ് റേഷനരി പിടിച്ചത്. സംഭവത്തിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു.
30 ലിറ്റർ വിദേശമദ്യം കടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് യൂണിറ്റിലെ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട് ബസ് ടെർമിനലിലെ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് കാബിനിൽനിന്ന്‌ എക്സൈസ് ഉദ്യോഗസ്ഥർ വിദേശമദ്യം പിടികൂടിയിരുന്നു. പുതുച്ചേരി നിർമിത മദ്യമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഈ കേസുകളിലെല്ലാം അന്വേഷണം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published.

manippoor-chief-minister-riots Previous post ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യം; മാറ്റില്ലെന്ന നിലപാടിൽ ബിജെപി
ksrtc-bus-patient-hospital-passengers Next post കെഎസ്ആർടിസി ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ചു ജീവനക്കാർ ബസ് കഴുകിച്ചു