
8ാം ക്ലാസിൽ പഠിക്കുമ്പോൾ ബ്ലാക് ബെൽറ്റ്; നിമിഷ സജയന്
കൊറിയൻ ആയോധനകലയായ തയ്ക്വാൻഡോയിൽ പുതിയ ചുവടുകൾ പരീക്ഷിക്കുന്ന നിമിഷ സജയന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നടി ബ്ലാക് ബെൽറ്റ് അണിഞ്ഞായിരുന്നു പരിശീലനത്തിൽ ഏർപ്പെട്ടിരുന്നത്. പരിശീലനം തുടങ്ങിയ ഉടൻ ബ്ലാക് ബെൽറ്റ് കിട്ടിയതെങ്ങനെയെന്ന സംശയം പ്രകടിപ്പിച്ച് ആരാധകരും രംഗത്തുവന്നു. എന്നാൽ തയ്ക്വാൻഡോയിലുള്ള നിമിഷയുടെ അഭ്യാസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നിമിഷ സജയൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ തയ്ക്വാൻഡോ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ മിടുക്കിയാണ്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റബേസ് ഫെയ്സ്ബുക് പേജിലൂടെ ജോസ്മോൻ വാഴയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്.
നിമിഷ മുംബൈയിലെ കാർമൽ കോൺവെന്റ് ഹൈസ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തയ്ക്വാൻഡോ പഠിച്ചുതുടങ്ങിയതാണ്. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നിമിഷയ്ക്ക് ബ്ലാക്ക് ബെൽറ്റ് ലഭിച്ചിരുന്നെന്നും കുറെ നാളായി മുടങ്ങിക്കിടന്ന ആയോധനകലാ പരിശീലനം വീണ്ടും തേച്ചുമിനുക്കി എടുക്കാനാണ് നിമിഷ വൺസ്റ്റെപ്പ് ക്ലബിലെത്തിയതെന്നും ജോസ്മോൻ വാഴയിൽ പറയുന്നു.
അതുകൊണ്ടാണ് ചിത്രങ്ങളിൽ പരിശീലകൻ എൽദോസ് എബിയെ പോലെ തന്നെ നിമിഷ സജയനും ബ്ലാക്ക് ബെൽറ്റിൽ കാണുന്നത്. നിമിഷയ്ക്ക് തയ്ക്വാൻഡോയിൽ മാത്രമല്ല പിടിപാട്. കോളജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റനും ആയിരുന്നു നിമിഷ സജയൻ.’’