നിയമസഭാസമ്മേളനം ജൂണ്‍ 27 മുതല്‍

നിയമസഭാസമ്മേളനം ജൂണ്‍ 27 മുതല്‍ വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളതീരത്ത് കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

സുരക്ഷയ്ക്കായുള്ള പോലീസിന്‍റെ നിര്‍ബന്ധിത ചുമതലകള്‍ ഒഴികെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സുരക്ഷാ സേവനം ആവശ്യപ്പെടുന്ന ആരാധനാലയങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുഖേന സുരക്ഷ നല്‍കും. വ്യാവസായിക സ്ഥാപനങ്ങള്‍- യൂണിറ്റുകള്‍ എന്നിവയ്ക്ക് സുരക്ഷ നല്‍കുമ്പോള്‍ ഈടാക്കുന്ന അതേ നിരക്കില്‍ പേയ്‌മെന്‍റ് ഇത് നല്‍കുക.

പുറ്റിങ്ങല്‍ ദേവി ക്ഷേത്ര വെടിക്കെട്ട് അപകടക്ത്തികേസിന്‍റെ വിചാരണയ്ക്കായി അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് പ്രത്യേക കോടതി സ്ഥാപിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതിന് പത്ത് തസ്തികകള്‍
സൃഷ്ടിക്കും.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ സ്ഥിരം ജീവനക്കാര്‍ക്കും കോ- ടെര്‍മിനസ് ജീവനക്കാര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കും.

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രെമോഷന്‍ കേരളയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വി ശിവരാമകൃഷ്ണന് പുനര്‍ നിയമനം നല്‍കും.

ദേശിയ ന്യൂന പക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശിയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയില്‍ നിന്ന് കേരള കരകൗശല വികസന കോര്‍പ്പറേഷന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് 15 കോടി രൂപ വീതം 30 കോടി രൂപക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍റെ അംഗീകൃത മൂലധനം 200 കോടി രൂപയില്‍ നിന്ന് 300 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കും.

കരകൗശല വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ലോണ്‍ തുകയായ 15.31 കോടി രൂപയും പലിശ ഇനത്തില്‍ ഉള്ള തുകയായ 13.74 കോടി രൂപയും ഉള്‍പെടെ 29.05 കോടി രൂപ സര്‍ക്കാര്‍ ഓഹരി മൂലധനമാക്കിമാറ്റാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published.

Previous post മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പഴയ പ്രസ്താവനകള്‍ സ്വപ്ന വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുന്നു – കെ ടി ജലീല്‍
Next post വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത സരിത്തിനെ വിട്ടയച്ചു. ലൈഫ് മിഷനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. ചോദിച്ചത് സ്വപ്നയെക്കുറിച്ചെന്ന് സരിത്