2016ല്‍ വിഎസിന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കണമായിരുന്നെന്ന് പിരപ്പൻകോട് മുരളി; ‘വിഎസായിരുന്നു ശരി’

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വിഎസ് അച്യുതാനന്ദന് ആറ് മാസമെങ്കിലും മുഖ്യമന്ത്രി പദവി നല്‍കുകയെന്നത് സിപിഎം പാലിക്കേണ്ട സാമാന്യ മര്യാദയായിരുന്നെന്ന് പിരപ്പന്‍കോട് മുരളി. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ രൂക്ഷമായ എതിര്‍പ്പുണ്ടായി. കമ്മ്യൂണിസം ഇപ്പോള്‍ പ്രായോഗിക വാദം മാത്രമായി അധപതിച്ചെന്നും പിരപ്പന്‍കോട് മുരളി പറയുന്നു. എക്കാലവും വിഎസായിരുന്നു ശരി. വാദിച്ചതും പ്രവര്‍ത്തിച്ചതും വിഎസിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. 

കലക്കൊപ്പം കമ്മ്യൂണിസവും ഇഴചേര്‍ന്ന പൊതു ജീവിതം അറുപതാണ്ട് തികയ്ക്കുന്ന പിരപ്പന്‍കോടിപ്പോള്‍ വിഎസിന്റെ ജീവചരിത്ര രചനയിലാണ്. കേരളത്തിന്റെ പൊതുമണ്ഡലം സാസ്‌കാരിക നവോത്ഥാന കാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ് പിരപ്പന്‍കോട് മുരളി കലയെ കൂട്ടുപിടിക്കുന്നത്. കലാകാരന് അക്കാലത്ത് കമ്മ്യൂണിസ്റ്റാകാതിരിക്കാനേ കഴിയാത്ത ചുറ്റുപാടില്‍ നിന്ന് നാടകങ്ങളും കവിതകളുമുണ്ടായി. പാര്‍ട്ടിയോട് ഇണങ്ങിയും പിണങ്ങിയും കാലമേറെ കടന്ന് പോയി. പ്രായം ഇന്ന് എണ്‍പത് തൊടുന്നു. സജീവ കലാജീവിതത്തിനും ആയി അറുപത് വയസ്സ്. 28 നാടകമെഴുതി, കവിയായും ഗാനരചിതാവായും പേരെടുത്തു. അറിയപ്പെടാനിഷ്ടം പക്ഷെ കമ്മ്യൂണിസ്റ്റായാണ്. കമ്മ്യൂണിസ്റ്റ് ജീവിതത്തിലെ പോരാട്ടങ്ങള്‍ എന്ന പേരിലെഴുതി പ്രസാധകനില്‍ പ്രസിദ്ധീകരിച്ച ആത്മകഥ പുസ്തക രൂപത്തില്‍ ഉടന്‍ പുറത്തിറങ്ങും. വിഎസിന്റെ ജീവചരിത്രം എഴുതുന്നുണ്ട്. വിവാദമായേക്കാവുന്ന തുറന്ന് പറച്ചിലുള്ളതിനാല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നാണ് തീരുമാനം.

Leave a Reply

Your email address will not be published.

Previous post മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്
Next post കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്