
100 കോടി കൈക്കൂലി: കെ.സി.ആറിന്റെ മകള്‍ക്ക് കുരുക്കായി ഇ.ഡി കുറ്റപത്രം
ഡല്‍ഹി മദ്യ കുംഭകോണത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും എംഎല്‍സിയുമായ കവിതയ്ക്കെതിരെ ഇ.ഡിയുടെ കുറ്റപത്രം. മദ്യവ്യാപാരത്തിന് സഹായം കിട്ടാന്‍ കവിതയ്ക്ക് ബിനാമി നിക്ഷേപമുള്ള കമ്പനി ഡല്‍ഹി ഭരിക്കുന്ന എഎപിക്ക് 100 കോടി കൈക്കൂലി നല്‍കിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍.
കെ.കവിത, രാഗവ് മകുന്ത, എം.എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായര്‍ക്കാണ് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കവിതയുടെ നീക്കങ്ങളെല്ലാം കേസില്‍ പ്രതിയായ അരുണ്‍ രാമചന്ദ്രനെ മുന്‍നിര്‍ത്തിയായിരുന്നു. ഇവരുടെ ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. 100 കോടി കോഴ നല്കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുള്ള മൊത്തവ്യാപാര അനുമതിയും ഒട്ടേറെ റീട്ടെയില്‍ സോണുകളും അനുവദിച്ചുകിട്ടി.
മദ്യവ്യാപാരത്തെക്കുറിച്ച് കവിത ടെലിഫോണില്‍ പല ചര്‍ച്ചകളും നടത്തി ഇതുമായി ബന്ധപ്പെട്ട ചില കൂടിക്കാഴ്ചകള്‍ നടന്നത് ഹൈദരബാദിലെ വസതിയിലായിരുന്നെന്നും ഇ.ഡി പറയുന്നു. മുന്‍ ലോക്സഭാംഗം കൂടിയായ കവിതയെ നേരത്തെ ഈ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു