10 വർഷത്തിനിടയിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം, സിഗ്നൽ സംവിധാനം പാളിയത് വീഴ്ച

ഒഡീഷയിലുണ്ടായത് പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്ന് റയില്‍വേ മന്ത്രാലയം. ഒഡിഷക്ക് കൂടുതല്‍ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാല്‍ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി. ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്‌സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.

രണ്ടാമത്തെ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീണു.

ട്രെയിനില്‍ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകള്‍ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. സിഗ്‌നലിംഗ് സംവിധാനം പാളിയതിനാല്‍ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നല്‍കാനും റെയില്‍വേയ്ക്ക് കഴിഞ്ഞില്ല.

200 ലേറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വര്‍ധിച്ചേക്കുമെന്നാണ് ഒഡീഷ സര്‍ക്കാരും അറിയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും തകര്‍ന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. ഇതിനുള്ളില്‍ മൃതദേഹമുണ്ടോയെന്നാണ് സംശയം. അപകടം നടന്നതിന് സമീപത്തായുളള 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കുന്നത്.

ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തില്‍ പെട്ട എസ്എംവിടി – ഹൗറ എക്‌സ്പ്രസില്‍ ബെംഗളുരുവില്‍ നിന്ന് കയറിയത് 994 റിസര്‍വ് ചെയ്ത യാത്രക്കാരാണെന്ന് റെയില്‍വെ അറിയിച്ചു. 300 പേര്‍ റിസര്‍വ് ചെയ്യാതെയും കയറിയതായാണ് അനുമാനം.അങ്ങനെയെങ്കില്‍ ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കും.

Leave a Reply

Your email address will not be published.

Previous post രക്ഷാപ്രവർത്തനം ഊർജ്ജിതം, ഇപ്പോഴത്തെ ശ്രദ്ധ രക്ഷാപ്രവർത്തനത്തിൽ, എല്ലാ സഹായവും ലഭ്യമാക്കും: റെയില്‍വേ മന്ത്രി
Next post ഒഡിഷ ട്രെയിൻ ദുരന്തം; നടുക്കുന്ന സംഭവമെന്ന് പ്രധാനമന്ത്രി