
ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന്
കോഴിക്കോട് ഹോട്ടലുടമയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറുന്നു. കൊല്ലപ്പെട്ട സിദ്ദിഖിനെ കാണാതായത് ഷിബിലിയെ പിരിച്ചുവിട്ട അന്ന് തന്നെയാണെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഷിബിലിക്കെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു. ഹോട്ടലില്‍ നിന്ന് പണം കാണാതായതിലും ഷിബിലിക്കെതിരെ ആരോപണമുണ്ടായിരുന്നു. ഷിബിലിക്ക് നല്‍കാനുണ്ടായിരുന്ന ശമ്പളം നല്‍കിയ ശേഷമാണ് പിരിച്ചു വിട്ടതെന്നും സിദ്ദിഖിന്റെ സഹോദരന്‍ പറഞ്ഞു. അതേസമയം രണ്ടു ലക്ഷത്തോളം രൂപ സിദ്ദിഖിന്റെ അക്കൗണ്ടില്‍ നിന്നും കാണാതായിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു.
സിദ്ദിഖിനെ കാണാതായതിനു പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡും നഷ്ടമായിരുന്നു. ഇതുപയോഗിച്ച് പ്രതികള്‍ പണം പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തി. മെയ് 18നാണ് സിദ്ദിഖിനെ കാണാതാകുന്നത്. 22ന് മകന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സിദ്ദിഖ് കൊല്ലപ്പെട്ടെന്ന് കണ്ടെത്തുന്നത്. 18 നോ 19 നോ ആണ് സിദ്ദിഖ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നി?ഗമനം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ മുറിയിലാണ് കൊല നടന്നതെന്ന് സംശയിക്കുന്നു. അതേസമയം രണ്ടു മുറികളും ബുക്ക് ചെയ്തിരുന്നത് സിദ്ദിഖ് ആണെന്നുള്ളത് സംശയം വര്‍ധിപ്പിക്കുന്നു.
മുറിയില്‍ വെച്ച് സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗില്‍ അട്ടപ്പാടിയില്‍ കൊണ്ടു തള്ളിയെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് കാണാം. തിരിച്ച് പോകുമ്പോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു.