
ഹെൽമറ്റ് ധരിച്ചെത്തി ബിവറേജ് കോർപറേഷന്റെ പ്രിമീയം ഔട്ട് ലെറ്റിൽ മദ്യം മോഷണം .
വയനാട് കൽപറ്റ ബിവറേജ് കോർപറേഷൻറെ പ്രിമീയം ഔട്ട് ലെറ്റിൽ ഹെൽമറ്റ് ധരിച്ചെത്തി തുടർച്ചയായി മദ്യം മോഷ്ടിച്ച പ്രതി അറസ്റ്റിൽ. മുട്ടിൽ സ്വദേശി രാജേന്ദ്രനാണ് അറസ്റ്റിലായത്. ഔട്ട് ലെറ്റ് മാനേജരുടെ പരാതിയെ തുടർന്നാണ് നടപടി.
പല ദിവസങ്ങളിലായി ഹെൽമറ്റ് ധരിച്ചെത്തി മദ്യം മോഷ്ടിക്കുന്നതിൻറെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ ഔട്ട്ലെറ്റിലെ ജീവനക്കാർ കൽപറ്റ പൊലീസിന് കൈമാറിയിരുന്നു. വില കൂടിയ ചില മദ്യ കുപ്പികൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിസിടിവി പരിശോധിച്ചത്.
വില കൂടിയ മദ്യം ഒളിപ്പിച്ച ശേഷം വില കുറഞ്ഞ ബിയർ വാങ്ങി ഔട്ട്ലെറ്റിൽനിന്ന് പുറത്തേക്ക് പോകുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്. വയനാട്ടിലെ കൽപറ്റ ബീവറേജ് കോർപറേഷനിൽ നിന്ന് ഇയാൾ പല തവണ മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.