
ഹെല്‍മെറ്റിൽ ക്യമാറ വെച്ചാൽ ലൈസന്‍സ് പോകും
തിരുവനന്തപുരം; ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.കൂടാതെ 1000 രൂപ പിഴയും ഈടാക്കും. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് ഡ്രൈവിങ്ങിനിടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അപകടങ്ങളുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ഹെല്‍മെറ്റില്‍ മാറ്റംവരുത്തുന്നത് നിയമവിരുദ്ധവുമാണ്. ഇത് ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയില്‍ വീഴുമ്പോള്‍ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെല്‍മെറ്റ് ഡിസൈന്‍ സുരക്ഷിതത്തിനുവേണ്ടിയുള്ളതാണ്.ക്യാമറ സ്റ്റാന്‍ഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ടനിലവാരം പാലിക്കണം. ഇതില്‍ മാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണ്.
ക്യാമറ റെക്കോഡിങ്ങ് സംവിധാനം നല്‍കിയിട്ടുള്ള ഹെല്‍മറ്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുമ്പും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് സെക്ഷന്‍ 53 അനുസരിച്ച് പൊതുജനങ്ങള്‍ക്കും വാഹനമോടിക്കുന്നയാള്‍ക്കും അപകടമുണ്ടാക്കുന്ന പ്രവര്‍ത്തിയാണിതെന്നായിരുന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ക്യാമറ റെക്കോഡിങ് സൗകര്യമുള്ള ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ വീഡിയോ ചിത്രീകരണത്തിലേക്ക് തിരിയുകയും ഇത് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു എന്നാണ് എംവിഡി പറയുന്നത്