ഹിമാചലില്‍ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം; മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ചകൾ സജീവം. മുതിർന്ന നേതാവ് സുഖ് വീന്ദർ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചർച്ചയിലുള്ളത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്‍റെ പേരും ചർച്ചയിലുണ്ട്. ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാതിരിക്കാൻ ചിലരെ ഇതിനോടകം ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി. ഈ ഹോട്ടലിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോൺഗ്രസ് നേതാക്കൾ അടക്കം പങ്കെടുക്കുന്ന യോഗവും നടക്കും.

40 സീറ്റിൽ ജയിച്ചാണ് ഹിമാചൽ പ്രദേശ് കോൺഗ്രസ് തിരിച്ചുപിടിച്ചത്. ഭരണ വിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കുകയായിരുന്നു. ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോൺഗ്രസിന്‍റെ വിജയം. മോദി പ്രഭാവം ഉയർത്തിക്കാട്ടിയുള്ള ബിജെപി പ്രചാരണത്തിന് പ്രാദേശിക വിഷയങ്ങളുയര്‍ത്തിയുള്ള കോണ്‍ഗ്രസ് നിലപാടിനുള്ള ഹിമാചലിന്‍റെ അംഗീകാരം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും വിജയ ഘടകമായി. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിൾ ക‌ർഷകരുടെ പ്രശ്നങ്ങൾ തുടങ്ങി കോൺഗ്രസ് ഉന്നയിച്ച വിഷയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന് തെളിവാണ് തിളക്കമാ‌ർന്ന വിജയം എന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post കുട്ടിയെ ലഹരികടത്തിന് ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം;
Next post ഗുജറാത്തിൽ ഏഴാം തവണയും ബി ജെ പി