
ഹാജരാകാതെ ഇൻസ്പെക്ടർ പി.ആർ സുനു: പുറത്താക്കൽ നടപടിയുമായി ഡിജിപി
ക്രിമിനൽ കേസിൽ അകപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനലിൽ ആയ ഇൻസ്പെക്ടർ പി.ആർ സുനു ഡിജിപിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി നേരിട്ട് തനിക്ക് മുന്നിൽ ഹാജരാവാണമെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവി പി.ആർ സുനുവിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ താൻ ആരോഗ്യപ്രശ്നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയച്ചിട്ടുണ്ട്. എന്നാൽ ഈ മെയിൽ മുഖവിലയ്ക്ക് എടുക്കാതെ സുനുവിനെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് ഡിജിപിയുടെ നീക്കം എന്നറിയുന്നു.
ബലാത്സംഗം അടക്കം ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിനോട് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഡിജി പിക്ക് മുന്നിൽ നേരിട്ട് ഹാജരാകാണമെന്നാണ് നിർദേശിച്ചത്. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായിട്ടായിരുന്നു നോട്ടീസ്. ഇന്ന് നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പി.ആർ സുനുവിനെ പിരിച്ചു വിട്ടുള്ള ഉത്തരവ് വൈകാതെ പുറത്തിറങ്ങും. ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനുമാണ്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിൽ ആരോപണ വിധേയനായതോടെ സുനുവിനെ നേരത്തെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.