‘സർവകലാശാലകളിൽ ഇതിനപ്പുറവും നടക്കും’; വിവാദങ്ങൾ അത്ഭുതപ്പെടുത്തില്ലെന്ന് ഗവർണർ

കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തന്നെ അത്ഭുതപ്പെടുത്തില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യോഗ്യതയില്ലാത്തവർ സർവകലാശാലകളിൽ ജോലി ചെയ്യുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായതുകൊണ്ടുമാത്രം ഒരാൾക്ക് നിയമനം നൽകുകയും മുഖ്യമന്ത്രി തന്നെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങൾ നടക്കാമെങ്കിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ചെറുതാണെന്നും അദ്ദേഹം പറഞ്ഞു.

‘സർവകലാശാലകളെ സർക്കാർ അവരുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. സർവകലാശാലകൾ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറഞ്ഞാൽ, നിങ്ങൾ യുവതലമുറയുടെ ഭാവി വെച്ചാണ് കളിക്കുന്നത്. ഇവിടെ ആളുകളെ ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണ്. സമ്മർദ്ദ തന്ത്രമുപയോഗിച്ച് മാധ്യമങ്ങളേയും പേടിപ്പിച്ചുനിർത്തിയിരിക്കുയാണ്. ഭയപ്പെടുത്തി നിർത്തിയിരിക്കുന്ന മാധ്യമങ്ങളെ എവിടെയെങ്കിലും കാണാനുണ്ടെങ്കിൽ അത് കേരളത്തിലാണ്. ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കാൻ മാധ്യമങ്ങൾ തയാറാവുന്നില്ല’, ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.

‘ഇത്തരം സംഭവങ്ങളിൽ ഞാൻ പൂർണ്ണമായും നിസ്സഹായനാവുകയാണ്. എനിക്ക് ഖേദിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ഞാൻ താത്കാലിക വൈസ് ചാൻസലറെ നിയമിച്ചപ്പോൾ അവർ അദ്ദേഹത്തെ യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ പോലും അനുവദിച്ചില്ല. പോലീസിന്റെ സഹായത്തോടെയാണ് അവർക്ക് ചുമതല ഏറ്റെടുക്കാൻ കഴിഞ്ഞത്. ചുമതല ഏറ്റെടുത്തപ്പോൾ അവരുമായി സഹകരിക്കാൻ തയാറായില്ല. അവർക്ക് താക്കോലുകൾ പോലും കൊടുത്തില്ല’, എ.പി.ജെ. അബ്ദുൾകലാം സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടി ഗവർണർ പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post രണ്ട് മാസം മുൻപ് ഉദ്ഘാടനം ചെയ്ത കോട്ടയത്തെ ലൈഫ് ഫ്ളാറ്റുകള്‍ ചോർന്നൊലിക്കുന്നു; നിർമ്മാണത്തിൽ അഴിമതി നടന്നെന്ന് കോൺഗ്രസ്‌
Next post സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ്, ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് പറയണമെന്നുണ്ട്’; സുധാകരൻ