
സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു.
വ്യാഴാഴ്ച പുലർച്ചെ മാറനാട് ഉണർന്നത് മുമ്പെങ്ങും തങ്ങളുടെ ഗ്രാമത്തിലോ സമീപഗ്രാമങ്ങളിലോ കേട്ടുകേൾവി പോലുമില്ലാത്ത ഒരുദുരന്തവാർത്ത കേട്ടാണ്. സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ആത്മഹത്യ ചെയ്തെന്ന വാർത്തയായിരുന്നു അത്. മരിച്ചത് എല്ലാവരും സ്നേഹപൂർവം വിജയണ്ണൻ എന്നു വിളിക്കുന്ന മാറനാട് അരുൺവിഹാറിൽ വിജയനാ(68)ണെന്ന വിവരംകൂടി പുറത്തുവന്നതോടെ വിശ്വസിക്കാനാകാതെ നാട് വിറങ്ങലിച്ചു.
വർഷങ്ങളായി വാർക്കപ്പണിക്ക് കമ്പി തയ്യാറാക്കുന്ന ജോലിചെയ്തിരുന്ന വിജയൻ ഏവർക്കും സുപരിചിതനായിരുന്നു. വയോധികയായ മൂത്തസഹോദരിയുടെ വീടിനുസമീപത്താണ് വിജയൻ സ്വന്തം ചിതയൊരുക്കിയത്. ഒറ്റയ്ക്കു താമസിക്കുന്ന സഹോദരിക്ക് ദിവസവും വിജയൻ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരുമായിരുന്നു. ബുധനാഴ്ച ചോറുമായെത്തിയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. രാത്രി 11 മണിയോടെ സംഭവസ്ഥലത്തേക്ക് വിജയൻ പോകുന്നത് കണ്ടതായി പ്രദേശവാസി പറയുന്നു. അറക്കപ്പൊടിയും തൊണ്ടും വിറകും കരിയിലയുമൊക്കെ ഉപയോഗിച്ചാണ് ചിതയൊരുക്കിയതെന്നാണ് തെളിവുകൾ നൽകുന്ന സൂചന. തീപടരുന്നതു കണ്ട് സ്ഥലത്തെത്തിയ ബന്ധുവും ശാന്തയും ചേർന്ന് വെള്ളമൊഴിച്ച് തീയണച്ചപ്പോഴും വിജയനാണ് കത്തിയമരുന്നതെന്ന വിവരം അറിഞ്ഞില്ല.
പുലർച്ചെ നടത്തിയ പരിശോധനയിൽ കത്തിക്കരിഞ്ഞ വസ്തുക്കൾക്കിടയിൽ രണ്ടുകൈകൾ ഉയർന്നുനിൽക്കുന്നത് കണ്ടപ്പോഴാണ് സംഭവത്തിന്റെ യാഥാർഥ്യം പുറത്തറിയുന്നത്. ശാരീകമായി ചില ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാൽ ജോലിചെയ്യാൻ കഴിയുന്നില്ലെന്ന ആശങ്ക പലപ്പോഴും അദ്ദേഹം സുഹൃത്തുക്കളോടു പങ്കുവെച്ചിരുന്നതായും ആത്മഹത്യാസൂചന നൽകിയിരുന്നതായും പോലീസ് പറയുന്നു. സുഹൃത്തായ ശശിക്ക് എഴുതിവെച്ച ആത്മഹത്യക്കുറിപ്പിലും ഇത് സൂചിപ്പിച്ചിരുന്നത്രേ. സംഭവമറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തേക്ക് പാഞ്ഞെത്തിയത്.