സ്വകാര്യ വ്യവസായ പാർക്കുകൾ: അപേക്ഷകളിൽ അതിവേഗ നടപടി

സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി ലഭ്യതയുടെ ദൗർലഭ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അപേക്ഷ സമർപ്പിക്കാം. വ്യക്തികൾ, ട്രസ്റ്റുകൾ, കൂട്ടു സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ നടത്താം. ഏക്കർ ഒന്നിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെയുള്ള ധനസഹായം സർക്കാർ നൽകും.

ഭൂമിയുടെ വിസ്തൃതി 5 ഏക്കർ മാത്രമേ ഉള്ളൂവെങ്കിലും ഈ പദ്ധതിയുടെ ഭാഗമാകാം. അഞ്ച് ഏക്കർ ഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികളാണ് ആരംഭിക്കാനാവുക. വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ഡ്രെയിനേജ് ഉൾപ്പെടെയുള്ള പൊതു സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് 3 കോടി രൂപ വരെ ധനസഹായം നൽകും. വകുപ്പു സെക്രട്ടറിമാർ അടങ്ങുന്ന ഉന്നതതല സമിതി പരിശോധിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കും. അനുമതി നൽകുന്നവർക്ക് എസ്റ്റേറ്റ് ഡവലപ്പർ പെർമിറ്റ് നൽകും. കണ്ണൂർ വി.പി.എം.എസ് ഫുഡ് പാർക്ക് ആന്റ് വെൻചേഴ്സ്, കോട്ടയം ഇന്ത്യൻ വിർജിൻ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മലപ്പുറം മലബാർ എന്റർപ്രൈസസ്, പാലക്കാട് കടമ്പൂർ ഇൻഡസ്റ്റ്രിയൽ പാർക്ക് എന്നീ നാല് എസ്റ്റേറ്റുകൾക്കാണ് ഇതിനകം പെർമിറ്റ് നൽകിയത്. ആകെ 24 അപേക്ഷകളാണ് പുതിയ നയം പ്രഖ്യാപിച്ച ശേഷം സർക്കാരിന് ലഭിച്ചത്.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ
Next post കോന്നി മെഡിക്കല്‍ കോളേജിന് അംഗീകാരമുറപ്പായി; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി