സ്മാർട് വാച്ചിലും രഹസ്യ ക്യാമറ

പ്രശസ്ത രഹസ്യാന്വേഷണ കഥാപാത്രമായ ജെയിംസ് ബോണ്ടിനെ പോലെ സ്മാർട് വാച്ച് ഉപയോക്താക്കള്‍ ഫോട്ടോ എടുക്കുന്ന കാലം അധികം അകലെയല്ലെന്ന സൂചനയാണ് ആപ്പിളിന്റെ പുതിയ പേറ്റന്റ് നല്‍കുന്നത്. ആപ്പിള്‍ ഇപ്പോള്‍ നേടിയെടുത്ത പേറ്റന്റാണ് ബോണ്ടിന്റെ സ്മരണകള്‍ തിരിച്ചുകൊണ്ടുവരുന്നതെന്ന് ഡെയിലിമെയില്‍ വിവരിക്കുന്നു. വാച്ചിന്റെ ഡിസൈനില്‍ ഒരു രഹസ്യ ക്യാമറ ഉള്‍പ്പെടുത്തുന്ന കാര്യമാണ് ആപ്പിള്‍ പരിഗണിക്കുന്നതെന്ന് വ്യക്താമാണ്. ആപ്പിള്‍ വാച്ചിന്റെ ബാന്‍ഡിലായിരിക്കും ക്യാമറ ഘടിപ്പിക്കുക.

സാങ്കേതികവിദ്യ പക്വമായിരുന്നില്ലെങ്കിലും ചില ഉപകരണങ്ങള്‍ എങ്ങനെയാണ് പതിറ്റാണ്ടുകള്‍ മുൻപ് ചില എഴുത്തുകാര്‍ക്കും സിനിമാ സംവിധായകര്‍ക്കുമൊക്കെ ഭാവനയില്‍ കാണാനായത് എന്നതും രസകരമായ വിഷയമായിരിക്കും. ആപ്പിള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുന്നത് 1983 ബോണ്ട് സിനിമയായ ഒക്ടോപസിയില്‍ കണ്ടതിനു സമാനമായ ഒരു വാച്ച് ആയിരിക്കാമെന്നാണ് പറയുന്നത്. ആപ്പിള്‍ വാച്ചിന്റെ ബാന്‍ഡിലുള്ള ക്യാമറ ഉപയോഗിച്ച് ഫോട്ടോകള്‍ പകര്‍ത്താനും വിഡിയോ കോള്‍ ചെയ്യാനും സാധിക്കുമെന്നാണ് സൂചന. ക്യാമറ അടങ്ങുന്ന സവിശേഷമായ ബാന്‍ഡിന്റെ മുകളിലിരിക്കുന്ന ആപ്പിള്‍ വാച്ച് കാന്തമുപയോഗിച്ചായിരിക്കാം ബാന്‍ഡുമായി കണക്ടു ചെയ്യുന്നത്. അല്ലെങ്കില്‍ കൊളുത്തുകള്‍ ആയിരിക്കും ഉപയോഗിക്കുക. അതായത് വാച്ച് എളുപ്പത്തില്‍ പുറത്തെടുത്ത ശേഷം സ്ട്രാപ്പിലുള്ള ‘രഹസ്യ ക്യാമറ’ ഉപയോഗിച്ച് ഫോട്ടോ പകര്‍ത്താനും വിഡിയോ കോള്‍ ചെയ്യാനും സാധിച്ചേക്കും. എന്നാല്‍ എല്ലാ പേറ്റന്റുകളുടെയും കാര്യത്തിലെന്ന പോലെ ഇതും പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ പൂര്‍ണമായ ഉറപ്പില്ലെന്ന കാര്യവും മനസ്സില്‍വയ്ക്കണം.

കുപ്രസിദ്ധ സ്ത്രീലമ്പടനും പുരുഷത്വത്തിന്റെ അടയാളവുമായിരുന്ന ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ ബ്രിട്ടിഷ് എഴുത്തുകാരനായ ഇയന്‍ ഫെമിങ് 1953 ലാണ് ആദ്യമായി ഒരു പുസ്തകത്തില്‍ കൊണ്ടുവരുന്നത്. ഓക്ടോപസി സിനിമയില്‍ ബോണ്ട് സീക്കോ ജി757 5020 സ്‌പോര്‍ട്‌സ് 100 വാച്ചിലാണ് ക്യാമറ ഘടിപ്പിച്ചതായി ചിത്രീകരിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുമായി സംസാരിക്കാനും തന്റെ സ്ത്രീകള്‍ എന്താണ് ചെയ്യുന്നതെന്ന് രഹസ്യമായി അറിയാനുമൊക്കെ ഉപയോഗിച്ചിരുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ആപ്പിളിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചും നിങ്ങള്‍ക്ക് ഫോട്ടോകള്‍ എടുക്കാനും വിഡിയോകോള്‍ ചെയ്യാനും സാധിക്കും. എന്നാല്‍, കാമുകിമാരെ രഹസ്യമായി നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ ഉണ്ടാവില്ലെന്ന് മെയില്‍ പറയുന്നു. ഇത്തരത്തിലൊരു വാച്ചിനുള്ള പേറ്റന്റ് അപേക്ഷ ആപ്പിള്‍ 2019 മാര്‍ച്ചിലാണ് നല്‍കിയത്. ഇത് അനുവദിച്ചിരിക്കുന്നത് 2023 ഫെബ്രുവരിയിലാണ്. ഫോട്ടൊ എടുക്കാനായി വാച്ച് സ്ട്രാപ്പില്‍ നിന്ന് അതിവേഗം അടര്‍ത്തി മാറ്റാമെന്ന് ആപ്പിള്‍ പറയുന്നു. ആപ്പിള്‍ വാച്ചില്‍ ഒരു ക്യാമറ കൊണ്ടുവരാന്‍ കമ്പനി വർഷങ്ങളായി ശ്രമിക്കുന്നുണ്ടായിരുന്നു.

∙ ഫോട്ടോ എടുക്കുന്നത് എങ്ങനെയായിരിക്കും?

സ്ട്രാപ്പിന്റെ തന്നെ ഏതെങ്കിലും ഭാഗത്ത് ടച്ച് ചെയ്തോ, അല്ലെങ്കില്‍ വോയിസ് കമാന്‍ഡ് വഴിയോ ആയിരിക്കും ആപ്പിള്‍ വാച്ചിലുള്ള ക്യമാറ പ്രവര്‍ത്തിപ്പിക്കാനാകുക എന്നാണ് കരുതുന്നത്. വാച്ചിനെ ഒരു സ്വതന്ത്ര ഉപകരണമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. ആപ്പിള്‍ വാച്ച് 2 എന്നതൊരു സങ്കല്‍പമായിരിക്കും കൊണ്ടുവരാന്‍ ശ്രമക്കുന്നത്. ഇപ്പോഴത്തെ ആപ്പിള്‍ വാച്ചുകളെ ഐഫോണുമായി ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുമ്പോഴാണ് പൂര്‍ണശേഷി പ്രയോജനപ്പെടുത്താനാകുക. എന്നാല്‍, അതിനു പകരം വാച്ചിനെ ഒരു സ്വതന്ത്ര ഉപകണമാക്കാനുള്ള ശ്രമം നടക്കുന്നതും കാണാം. ഇപ്പോള്‍ത്തന്നെ വാച്ചില്‍ ഇസിം ഇന്‍സ്റ്റാള്‍ ചെയ്യാനാകും. അപകടത്തില്‍ പെടുമ്പോഴും മറ്റും ജീവന്‍ രക്ഷിക്കാനുള്ള പല ഫീച്ചറുകളും ആപ്പിള്‍ വാച്ചിലൊരുക്കാനും കമ്പനി ശ്രമിക്കുന്നു. മാനസിക പിരിമുറുക്കം, രക്തത്തിലെ ഓക്‌സിജന്റെ അളവ്, ഹൃദയമിടിപ്പ് അളക്കാനുള്ള ശേഷി തുടങ്ങി പല ഫീച്ചറുകളും ഇപ്പോള്‍ തന്നെ വാച്ചിലുണ്ട്. പുതിയ വാച്ചിന് വില വര്‍ധിപ്പിച്ചേക്കാമെന്ന് 9ടു5മാക് പറയുന്നു.

∙ ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ നിര്‍മാണത്തിന് 3.7 ശതമാനം അധികം ചെലവ്

ഇപ്പോള്‍ വില്‍പനയിലുള്ള ആപ്പിളിന്റെ പ്രീമിയം മോഡലായ ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ നിര്‍മാണത്തിന് ഐഫോണ്‍ 13 പ്രോ മാക്‌സിനെ അപേക്ഷിച്ച് 3.7 ശതമാനം അധിക ചെലവുണ്ടായിട്ടുണ്ടാകാമെന്ന് കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ട്. ബില്‍ ഓഫ് മെറ്റീരിയല്‍സില്‍ നിന്ന് ശേഖരിച്ച ഡേറ്റയില്‍ നിന്നാണ് വിവരം.

∙ ക്യാമറാ മികവുമായി ഷഓമി 13 പ്രോ ഫെബ്രുവരി 26ന് അവതരിപ്പിക്കും

പ്രീമിയം ഫോണ്‍ ശ്രേണിയില്‍ രണ്ടു മോഡലുകള്‍ ഫെബ്രുവരി 26ന് അവതരിപ്പിക്കുമെന്ന് ചൈനീസ് ഫോണ്‍ നിര്‍മാതാവ് ഷഓമി അറിയിച്ചു. ഷഓമി 13, 13 പ്രോ എന്നായിരിക്കും അവയുടെ പേരുകള്‍. ഷഓമി 13 പ്രോയ്ക്ക് ഒരു സവിശേഷതയും ഉണ്ടായിരിക്കും – ഇന്ത്യയിലെത്തുന്ന ആദ്യത്തെ 1 – ഇഞ്ച് ക്യാമറാ സെന്‍സറുള്ള ഫോണായിരിക്കും അത്. ചില കമ്പനികള്‍ ഇത്തരം സെന്‍സറുള്ള ക്യമാറകള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയിലൊന്നു പോലും ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല എന്നുള്ളതാണ് സത്യം.

∙ ഉജ്വല ക്യാമറാ സിസ്റ്റം പ്രതീക്ഷിക്കുന്നു

പുതിയ പിന്‍ക്യാമറാ സിസ്റ്റമായിരിക്കും ഫോണിന്റെ വ്യത്യസ്തകളിലൊന്ന്. പിന്നിലെ മൂന്നു ക്യാമറകള്‍ക്കും 50 എംപി റെസലൂഷനായിരിക്കും ഉണ്ടായിരിക്കുക. പ്രധാന ക്യാമറയ്ക്ക് 23 എംഎം ഫോക്കല്‍ ലെങ്ത് ആയിരിക്കും. ഇതിനായിരിക്കും 50 എംപി 1-ഇഞ്ച് സെന്‍സര്‍. അള്‍ട്രാവൈഡ്, 3.2 മടങ്ങ് ഒപ്ടിക്കല്‍ ടെലിസൂമുള്ള ലെന്‍സ് എന്നിവയും ഉണ്ടായിരിക്കും. ഷഓമി 13 പ്രോ മോഡലിന് 6.73 ഇഞ്ച് വലുപ്പമുള്ള സ്‌ക്രീനാണ് ഉണ്ടായിരിക്കുക. സ്റ്റോറേജ് ശേഷി 512 ജിബി വരെയായിരിക്കും. ബാറ്ററി 5000 എംഎഎച്. ചാര്‍ജിങ് സ്പീഡ് 120w വരെ ആയിരിക്കാം. തുടക്ക വേരിയന്റിന് 65,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

∙ എഐ മത്സരത്തിന് ദക്ഷിണ കൊറിയയും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസങ്ങിന് പുതിയ ചിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ റെബല്ല്യന്‍സ്. അമേരിക്കന്‍ ചിപ്പ് നിര്‍മാതാവ് എന്‍വിഡിയയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായിരിക്കും ഈ ചിപ്പെന്നാണ് പറയുന്നത്. എഐ സാങ്കേതികവിദ്യ വിപ്ലവകരമായ രീതിയല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ചിപ്പെന്നാണ് റോയിട്ടേഴ്‌സ് പറയുന്നത്. ഓപ്പണ്‍എഐ പുറത്തിറക്കിയ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്ക് സാധാരണ അന്വേഷണങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ സാധിക്കുമെന്നതു കൂടാത കഥകളും, കവിതകളും, ഹൈക്കുവുമൊക്കെ എഴുതാനുള്ള ശേഷിയുമുണ്ട്. പുതിയ പ്രോസസറുകള്‍ക്ക് ഇത്തരം സംവിധാനങ്ങള്‍ക്ക് കൂടുതല്‍ മികവ് നല്‍കാനായേക്കും. എഐ പ്രോസസിങ്ങിന് ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത് എന്‍വിഡിയ എ100 എന്ന ചിപ്പാണ്. എന്നാല്‍, ഇതിനെ അപേക്ഷിച്ച് 20 ശതമാനം വൈദ്യുതി മാത്രം മതി റെബല്ല്യന്‍സ് പ്രോസസര്‍ പ്രവര്‍ത്തിപ്പിക്കാനെന്നാണ് റിപ്പോര്‍ട്ട്.

∙ ചാറ്റ്ജിപിടി മാതൃകയിലുള്ള സംവിധാനം വികസിപ്പിക്കാന്‍ പിന്തുണയുമായി ബെയ്ജിങ്

2022 നവംബറില്‍ അവതരിപ്പിച്ച എഐ ചാറ്റ് സംവിധാനമായ ചാറ്റ്ജിപിടിയുടെ മാതൃകയിലുള്ള ടെക്‌നോളജി വളര്‍ത്താന്‍ മുന്നോട്ടുവരുന്ന കമ്പനികള്‍ക്ക് സഹായഹസ്തം നീട്ടുകയാണ് ബെയ്ജിങ് എന്ന് റോയിട്ടേഴ്‌സ്. ഏകദേശം 1,048 കോര്‍ എഐ കമ്പനികളാണ് നഗരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചൈനയില്‍ മൊത്തമുള്ള ഇത്തരം കമ്പനികളുടെ ഏകദേശം 29 ശതമാനമാണിത്. ബെയ്ദു, ആലിബാബ തുടങ്ങിയ കമ്പനികളാണ് ഇപ്പോള്‍ ചൈനയില്‍ എഐ വികസിപ്പിക്കാന്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post മൂന്നര വയസുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വർഷം കഠിനതടവും പിഴയും
Next post വനിതാ ഐപിഎല്‍ താരലേലം; സ്മൃതിയെ സ്വന്തമാക്കി ബാംഗ്ലുര്‍