
സ്‌പോര്‍ട്‌സ് ക്വാട്ടാ നിയമനത്തില്‍ ഇളവ്
സ്പോട്സ് ക്വാട്ട നിയമനത്തില്‍ ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്കായി മാറ്റിവെച്ച തസ്തികകളിലേക്ക് പരിക്കു കാരണം കായിക ജീവിതത്തില്‍ നിന്ന് പിന്മാറേണ്ടി വരുന്നവരെ കൂടി പരിഗണിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശപ്രകാരമായിരിക്കണം ഇവരെ പരിഗണിക്കേണ്ടത്. അതിനായി സ്പോട്സ് ക്വാട്ട നിയമന വ്യവസ്ഥകളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ തീരുമാനിച്ചു. പരിക്ക് കാരണം ജീവിതം പ്രതിസന്ധിയലാകുന്ന താരങ്ങള്‍ വലിയ ആശ്വാസമാകുന്ന നടപടിയാണിത്.
നിലവില്‍ ഒരു വര്‍ഷം 50 കായികതാരങ്ങള്‍ക്കാണ് സ്പോട്സ് ക്വാട്ട പ്രകാരം നിയമനം നല്‍കുന്നത്. ഇതില്‍ 2 തസ്തിക ഭിന്നശേഷിക്കാര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. പലപ്പോഴും ഈ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. 201014 കാലയളവിലെ 5 വര്‍ഷം ഭിന്നശേഷിക്കാരായ 4 പേര്‍ക്കു മാത്രമാണ് നിയമനം ലഭിച്ചത്. യേഗ്യരായ അപേക്ഷകരില്ലാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് ജൂനിയര്‍ വിഭാഗത്തിലും മറ്റും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കുകയും പരിക്കു കാരണം കായികരംഗത്തുനിന്ന് പിന്‍വാങ്ങേണ്ടി വരികയും ചെയ്യുന്നവരെ പരിഗണിക്കാന്‍ തീരുമാനിച്ചത്.