സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് നടപ്പാക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

പാക്കേജ് പ്രകാരമുള്ള ധനസഹായ വിതരണം ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി എന്‍.ജി.ഒ.കള്‍ നടത്തുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് തുക വിതരണം ചെയ്യുന്നതിന് സ്‌കൂളുകളെ ഗ്രേഡിംഗ് നടത്തി തെരഞ്ഞെടുക്കുന്നതിന് സമഗ്ര മാനദണ്ഡ രേഖ സര്‍ക്കാര്‍ പുറത്തിറക്കി. മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ സ്‌കൂളുകളുടെ സംഘടനയും മാനേജ്‌മെന്റുകളും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (അക്കാദമിക്) ചെയര്‍മാനായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത്.
സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ആദ്യ ഘട്ടത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഈ പരിശോധന കുറ്റമറ്റതാണെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ തലത്തിലും പരിശോധനകള്‍ ഉണ്ടാകും. ഈ പരിശോധനയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ഗ്രേഡിംഗ് അന്തിമമായിരിക്കുന്നത്.
ധനസഹായ വിതരണത്തിന് സ്‌കൂളുകള്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തി ജൂണ്‍ മാസം എല്ലാ പൊതുവിദ്യാലയങ്ങളിലും ആറാമത്തെ പ്രവൃത്തി ദിവസം കുട്ടികളുടെ എണ്ണമെടുക്കുന്നത് പോലെ ജൂണ്‍ 15 ന് മുമ്പായി പാക്കേജിനുള്ള അപേക്ഷ ക്ഷണിക്കും. ജൂലൈ ആദ്യ വാരത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തും. വിശദമായ റിപ്പോര്‍ട്ട് ജൂലൈ 31 നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതും ആയത് സൂക്ഷ്മ പരിശോധന നടത്തി ആഗസ്റ്റ് 15 ന് ഇത് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുമാണ്. ആഗസ്റ്റ് 31 നകം തന്നെ സര്‍ക്കാര്‍ തലത്തില്‍ പരിശോധന നടത്തി സെപ്തംബര്‍ രണ്ടാം വാരത്തിനകം ഗ്രാന്റ്-ഇന്‍-എയിഡ് കമ്മിറ്റി യോഗം ചേരും,.
സെപ്തംബര്‍ മാസം അവസാനത്തോടുകൂടി ആവശ്യമായ തുക റിലീസ് ചെയ്യുന്നതിന് അനുമതി നല്‍കും. സ്റ്റാഫിന് 5 മാസത്തേക്കുള്ള ഹോണറേറിയം വിതരണം ചെയ്യും. ബാക്കി ഘടകങ്ങള്‍ക്ക് വരുന്ന തുക ഗഡുക്കളായി തിരിച്ച് ഒന്നാം ഗഡു ഇതോടൊപ്പം തന്നെ അനുവദിക്കും. ഓരോ അക്കാദമിക് വര്‍ഷം ആരംഭിക്കുമ്പോഴും ആവശ്യമായ പരിശോധന പൂര്‍ത്തിയാക്കി പാക്കേജിന്റെ ആദ്യ ഗഡു സെപ്തംബര്‍ മാസം അവസാനത്തിന് മുമ്പായി റിലീസ് ചെയ്തു നല്‍കാന്‍ കഴിയുന്ന വിധത്തില്‍ നടപടികള്‍ ത്വരിതപ്പെടുത്തും. ആദ്യ ഗഡുവായി അനുവദിക്കുന്ന തുക പൂര്‍ണ്ണമായി ചെലവഴിച്ച് അതിന്റെ വിനിയോഗ സാക്ഷ്യപത്രം നിശ്ചിത സമയത്തിനുള്ളില്‍ സമര്‍പ്പിക്കുന്ന സ്ഥാപനത്തിന് മാത്രമേ അടുത്ത ഗഡു അനുവദിക്കൂ. മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്‌കൂളുകളെ എ,ബി,സി,ഡി ഗ്രേഡുകളായി തിരിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും.
സ്‌പെഷ്യല്‍ പാക്കേജ് വിതരണം കാര്യക്ഷമമാകാനും സുതാര്യമാകാനും സമ്പൂര്‍ണ്ണ മാനദണ്ഡ രേഖ ഏറെ പ്രയോജനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post മരണമടഞ്ഞ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രഞ്ജിത്തിന്റെ വീട്ടില്‍ സുരാജ് വെഞ്ഞാറമൂട്
Next post എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി സമ്മേളനം: ശശിധരന്‍ പ്രസിഡന്റ്, അജിത് കുമാര്‍ ജനറല്‍ സെക്രട്ടറി