‘സെലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ മാത്രമല്ലല്ലോ’, അംബാട്ടി റായുഡുവിന് മറുപടിയുമായി എം എസ് കെ പ്രസാദ്

 സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു അംഗത്തിന് തന്നോടുള്ള വ്യക്തിവിരോധമാണ് 2019ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് താന്‍ പുറത്താവാന്‍ കാരണമെന്ന അംബാട്ടി റായുഡുവിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി സെലക്ഷന്‍ കമ്മിറ്റി മുന്‍ ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്, സെലക്ഷന്‍ കമ്മിറ്റിയില്‍ അഞ്ച് പേരുണ്ട്, അതിന് പുറമെ ടീം ക്യാപ്റ്റനുമുണ്ടാകും. അങ്ങനെ വരുമ്പോള്‍ എതെങ്കിലും വ്യക്തികളുടെ തീരുമാനം എങ്ങനെയാണ് കൂട്ടായ തീരുമാനമാകുക. ഒരു വ്യക്തിക്ക് മാത്രം തീരുമാനമെടുക്കാനാണെങ്കില്‍ പിന്നെ അഞ്ച് സെലക്ടര്‍മാരുടെ ആവശ്യമില്ലല്ലോ എന്നും എം എസ് കെ പ്രസാദ് ടൈസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളുമായും കൂടിയാലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറുള്ളത്. അതൊരിക്കലും വ്യക്തിപരമായ തീരുമാനമല്ല. ഞാന്‍ എന്‍രെ വ്യക്തിപരമായ താല്‍പര്യത്തിന് എന്തെങ്കിലും ചെയ്താല്‍ അത് മറ്റുള്ളവരും അംഗീകരിക്കേണ്ടതുണ്ട്. വ്യക്തിപരമായ തീരുമാനങ്ങള്‍ക്ക് അവിടെ പ്രസക്തിയില്ലെന്നും പ്രസാദ് പറഞ്ഞു.

ഒരു ടീമില്‍ നീണ്ട സീസണ്‍ കളിക്കുമ്പോള്‍ സ്വാഭാവികമായി അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. അതിപ്പോള്‍ സഹൗദരര്‍ തമ്മില്‍ പോലും ഉണ്ടാകില്ലെ. പക്ഷെ അതൊന്നും വ്യക്തിപരമായ വിരോധത്തിന് കാരണമാകുകയോ ദീര്‍ഘകാലം നീണ്ട് നില്‍ക്കുകയോ ചെയ്യില്ല. റായുഡവിനെ ലോകകപ്പിന് മുമ്പുള്ള എല്ലാ മത്സരങ്ങളിലും ടീമിലെടുത്തിരുന്നു.

അന്ന് അഭിപ്രായ വ്യത്യാസം ബാധിച്ചിട്ടില്ലെങ്കില്‍ ലോകകപ്പ് സെലക്ഷന്‍ വരുമ്പോല്‍ മാത്രം എങ്ങനെയാണ് അത് ബാധിക്കുക. ടീം സെലക്ഷന്‍ എന്നത് കൂട്ടായ തീരുമാനമാണ്. അവിടെ വ്യക്തിപരമാ താല്‍പര്യങ്ങള്‍ക്കോ അനിഷ്ടത്തിനോ പ്രസക്തിയില്ല-പ്രസാദ് പറഞ്ഞു

2019ലല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ നാലാം നമ്പറിലേക്ക് സ്ഥാനം ഉറപ്പിച്ചിരുന്ന താരമായിരുന്നു റായുഡു. ലോകകപ്പ് ടീം സെലക്ഷന് ഒരു മാസം മുമ്പ് ക്യാപ്റ്റനായിരുന്ന വിരാട് കോലിയും ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ റായുഡുവിന് പകരം വിജയ് ശങ്കറാണ് ടീമിലെത്തിയത്.ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനം നന്നായി ഫീല്‍ഡ് ചെയ്യാനും കഴിയുന്ന ത്രീ ഡൈമണ്‍ഷനല്‍ പ്ലേയറാണ് വിജയ് ശങ്കറെന്നും അതിനാലാണ് ബാറ്റര്‍ മാത്രമായ റായുഡുവിന് പകരം ശങ്കറെ ടീമിലെടുത്തുത് എന്നുമായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന എം എസ് കെ പ്രസാദിന്‍റെ വിശദീകരണം.

ലോകകപ്പിന് തയ്യാറെടുക്കാൻ ബിസിസിഐ അധികൃതർ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതിന് ശേഷമാണ് അപ്രതീക്ഷിതമായി ഒഴിവാക്കിയത്. എന്‍റെ സ്ഥാനത്ത് അജിങ്ക്യ രഹാനെയെപ്പോലെ ഒരു ബാറ്റര്‍ക്കായിരുന്നു അവസരം നൽകിയതെങ്കിൽ ഞാൻ ദേഷ്യപ്പെടില്ല. എന്നാൽ എന്‍റെ സ്ഥാനത്ത് ഓൾ റൗണ്ടറെ അവര്‍ തിരഞ്ഞെടുത്തതെന്നും റായുഡു ടിവി9 തെലുഗുവിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous post മേജര്‍ ലീഗ് ക്രിക്കറ്റ്: പൊള്ളാര്‍ഡ് നായകന്‍, വമ്പന്‍ താരങ്ങളെയെല്ലാം ടീമിലെത്തിച്ച് എംഐ ന്യൂയോര്‍ക്ക്
Next post പൊലീസ് ജീപ്പ് സ്റ്റേഷനിൽനിന്നു കവർന്ന് 25കാരൻ: സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി