
സുഖ്‍വീന്ദർ സിംഗ് ഹിമാചൽ മുഖ്യമന്ത്രി, സത്യപ്രതിജ്ഞാ ചടങ്ങിൽ സാന്നിധ്യമായി രാഹുലും പ്രിയങ്കയും ഖർഗെയും
അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷിയാക്കി ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‍വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ സാന്നിധ്യത്തിൽ ഷിംലയിൽ നടന്ന ചടങ്ങുകളിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഒപ്പം സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കളും പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പിന്നാലെ മുകേഷ് അഗ്നിഹോത്രി ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
ഇടഞ്ഞുനിൽക്കുന്ന പിസിസി പ്രസിഡന്‍റ് പ്രതിഭാ സിംഗിനെ ,വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സുഖ്‍വീന്ദർ സിംഗ് അധികാരമേറ്റെടുത്തത്. മകൻ വിക്രമാദിത്യ സിംഗ് മിക്കവാറും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് പ്രതിഭാ സിംഗ് പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നതായി വിക്രമാദിത്യ സിംഗും വ്യക്തമാക്കി.
കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഹിമാചൽ പ്രദേശ് കോൺഗ്രസിനെ എല്ലാ തലങ്ങളിലും നയിച്ച് കഴിവുതെളിയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിസ്ഥാനത്തേക്കെത്തുന്നത്. സംസ്ഥാന കോൺഗ്രസിലെ അതികായനായിരുന്ന വീരഭദ്ര സിങ്ങിനോട് കലഹിച്ചു നിന്നായിരുന്നു സുഖുവിന്റെ രാഷ്ട്രീയത്തിലെ വളർച്ച. പത്ര വിതരണക്കാരനായി വരുമാനം കണ്ടെത്തിയ വിദ്യാർത്ഥിയിൽനിന്നും മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ സുഖുവിനെ സാധാരണക്കാരുടെ പ്രതിനിധിയായാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്.