
“സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിച്ചില്ലല്ലോ’: എകെജി സെന്റർ ആക്രമണക്കേസിൽ പ്രതികരിച്ച് ഇ പി ജയരാജൻ
തിരുവനന്തപുരം: എകെജി സെന്‍ററിനുനേരെ ബോംബെറിഞ്ഞ പ്രതിയെ ഇതുവരെ പിടിക്കാത്തതിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. സുകുമാരക്കുറുപ്പിനെ ഇതുവരെ പിടിക്കാനായില്ലല്ലോയെന്നാണ് മാധ്യമപ്രവർത്തകരോട് ഇ.പി. ജയരാജൻ പറഞ്ഞത്.
“കട്ടവർക്ക് പിടിച്ച് നിൽക്കാനറിയാം എന്ന് നമുക്കറിയാ’മെന്നും ജയരാജന്‍ അഭിപ്രായപ്പെട്ടു. കെ. സുധാകരന്‍റെ വിമർശനങ്ങൾക്ക് മറുപടിയില്ല. തനിക്ക് ബോംബുമായി ഒരു പരിചയവുമില്ല, നിർമിക്കാനും എറിയാനും അറിയില്ല. ആശയപരമായ പ്രതിഷേധമാണ് സിപിഎമ്മിന്‍റെ രീതിയെന്നും ഇ.പി പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ മുന്‍ ഡിജിപി ശ്രീലേഖയുടെ പ്രസ്താവന നിയമ വിദഗ്ധർ തന്നെ പരിശോധിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യും. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.