
സി.പി.എം. നേതാവിനു വെട്ടേറ്റു; പുറത്തേയ്ക്കു കളഞ്ഞ വെള്ളം ദേഹത്ത് വീണതിനെ തുടർന്ന്.
റോഡിലേക്കു കളഞ്ഞ വെള്ളം ശരീരത്ത് വീണതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. സി.പി.എം. വെഞ്ഞാറമൂട് ലോക്കൽ കമ്മിറ്റി അംഗവും മാണിക്കോട് ക്ഷേത്ര അഡ്വൈസറി കമ്മിറ്റി സെക്രട്ടറിയുമായ വയ്യേറ്റ് തിരുവടിയിൽ പി.വാമദേവൻ പിള്ള (62)യ്ക്ക് വെട്ടേറ്റു. ഇരുകൈകൾക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മാണിക്കോട് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന മുന്നൊരുക്ക പ്രവർത്തനങ്ങൾ കഴിഞ്ഞു വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. വീട്ടിലെ വളർത്തുനായ്ക്ക് ആഹാരം കൊടുത്തശേഷം പാത്രത്തിലുണ്ടായിരുന്ന വെള്ളം പുറത്തേക്ക് ഒഴിക്കുന്നതിനിടെ അതുവഴി പോകുകയായിരുന്ന രണ്ടു പേരുടെ ദേഹത്ത് വീണു.
ഇത് വാക്കേറ്റത്തിനിടയാക്കി. തുടർന്ന് ഇവർ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വാമദേവൻ പിള്ളയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വാമദേവന്റെ മകൾ ശബ്ദംകേട്ട് ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നിരുന്നു. ആക്രമിച്ചവരെ അറിയില്ലെന്ന് വാമദേവൻ പിള്ള പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. വെഞ്ഞാറമൂട് പോലീസ് കേസെടുത്തു