സിയാൽ മാതൃകയിൽ കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കും: പി പ്രസാദ്

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) മാതൃകയിൽ സംസ്ഥാനത്ത് കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി യാഥാർഥ്യമാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ആനയറ വേൾഡ് മാർക്കറ്റിൽ ആനയറ മാർക്കറ്റ് അതോറിറ്റിയും വേൾഡ് മാർക്കറ്റ് ഷോപ്പ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഗ്രി- എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു മന്ത്രി.

കർഷകർ വിയർപ്പിറ്റി വിളയിച്ചെടുക്കുന്ന വിളയിൽ നിന്ന് ഉണ്ടാക്കുന്ന മൂല്യവർധിത ഉൽപ്പങ്ങൾക്ക് വിപണിയിൽ നല്ല വിലയാണ്. എന്നാൽ ഇതിന്റെ മെച്ചം കർഷകന് ലഭിക്കുന്നില്ല. ഈയവസ്ഥക്ക് മാറ്റം വരുത്താനാണ് കർഷകന് കൂടി പങ്കാളിത്തമുള്ള കമ്പനിയുമായി സംസ്ഥാന സർക്കാർ രംഗത്ത് വരുന്നതെന്ന് കൃഷി മന്ത്രി ചൂണ്ടിക്കാട്ടി.

കമ്പനി യാഥാർഥ്യമാകുമ്പോൾ അത് മുഖേന ഓരോ മൂല്യവർധിത ഉത്പന്നം വിൽക്കുമ്പോഴും അതിന്റെ ലാഭം കർഷകന് കൂടി ലഭിക്കും. ഓരോ കൃഷിഭവനും ഒരു മൂല്യവർധിത ഉൽപ്പന്നം നിർമ്മിക്കണം. എങ്കിലേ കൃഷി ഉപജീവനമാക്കിയവർക്ക് അന്ത:സ്സായി ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഒരു കൃഷിയിടത്തിൽ നിന്ന് എത്ര ഉൽപ്പന്നങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല.

വാല്യു ആഡഡ് അഗ്രിക്കൾച്ചർ മിഷൻ (വാം) എന്ന പുതിയ സംരംഭം കൂടി ഇത്തരത്തിൽ കർഷകരെ സഹായിക്കാൻ സർക്കാർ കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. വിള അടിസ്ഥാനമാക്കിയുള്ള കൃഷി രീതിയിൽ നിന്ന് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള കാർഷിക വൃത്തിയിലേക്ക് സംസ്ഥാനം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.കാർഷിക യന്ത്രങ്ങൾ, വിളകൾ, വിവിധ കൃഷി രീതികൾ, മത്സ്യക്കുളം, ഏറുമാടം എന്നിവയുൾപ്പെടെയുള്ള കാർഷിക വിപണന മേള സെപ്റ്റംബർ 11 ന് സമാപിക്കും

Leave a Reply

Your email address will not be published.

Previous post എം. ബി രാജേഷ് സ്‌പീക്കർ പദവി രാജിവെച്ചു.
Next post മൽസ്യത്തൊഴിലാളി സമൂഹത്തിന്റെ ക്ഷേമവും പുനരധിവാസവും ഉറപ്പാക്കും: മുഖ്യമന്ത്രി