സിനിമാനിരൂപണം നടത്തേണ്ടത് കഴിവുള്ളവരാകണം -‘ഓ മൈ ഡാർലിങ്’ നിർമാതാവ്

ഒരു കലാരൂപത്തെക്കുറിച്ച് നിരൂപണം നടത്തേണ്ടത് കഴിവുള്ളവരാകണമെന്ന് ഓ മൈ ഡാർലിങ് എന്ന ചിത്രത്തിന്റെ നിർമാതാവ് മനോജ് ശ്രീകണ്ഠ പറഞ്ഞു. ദുബായിൽ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെ തകർക്കാൻ ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ട് എന്നുതന്നെ വിശ്വസിക്കുന്നു. ഓരോ സിനിമാ ആസ്വാദകനും വ്യക്തിപരമായ താത്പര്യങ്ങളുണ്ട്. എന്നാൽ അതുവെച്ച് ഒരു സിനിമയെയും തകർക്കാനാവില്ല.

സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾകൊണ്ടും നല്ല സിനിമകളെ നശിപ്പിക്കാനാകില്ല. ഇത്തരം വിമർശനങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്സ് മാത്രമെയുള്ളൂ. അതിനുശേഷം നല്ല സിനിമകളെ ജനങ്ങൾ തിരിച്ചറിയും. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്നത് 250-ലേറെ സിനിമകളാണ്. ഈ സാഹചര്യത്തിൽ നെഗറ്റീവ് നിരൂപണമെഴുതി വരുമാനമുണ്ടാക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കുന്നതിന് പരിമിതികളുണ്ടെന്നും മനോജ് പറഞ്ഞു.

ഓ മൈ ഡാർലിങ് ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുപോലും സാമൂഹികമാധ്യമങ്ങളിലെ നിരൂപണങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കി. ഗർഭപാത്രമില്ലാതെ ജനിക്കുന്ന പെൺകുട്ടികൾക്കുണ്ടാകുന്ന എം.ആർ.കെ.എച്ച്. സിൻഡ്രത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ലോകത്ത് വളരെ കുറച്ചുമാത്രം കണ്ടുവരുന്ന വൈകല്യമാണത്. എന്നാൽ ചിത്രം കാണാതെ വിമർശനമുന്നയിക്കുന്നവരാണ് അധികവും. ഈ പ്രവണത അവസാനിപ്പിക്കണം. ഒരു പ്രണയസിനിമ എന്നതിലപ്പുറം സമൂഹം അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങൾ ഈ സിനിമ ചർച്ചചെയ്യുന്നുണ്ട്. മനോജ് ഈ വിഷയത്തെക്കുറിച്ച് പഠിച്ചശേഷമാണ് നിർമാണത്തിന് തയ്യാറായതെന്നും മഞ്ജുപിള്ള പറഞ്ഞു.

താരങ്ങളായ അനിഖാ സുരേന്ദ്രൻ, മെൽവിൻ ജി. ബാബു, ഫുക്രു, ജാക്കി റഹ്മാൻ, രാജൻ വർക്കല തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലടക്കം ഗൾഫിൽ 42 തിയേറ്ററുകളിലാണ് ഓ മൈ ഡാർലിങ് വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നത്.

Leave a Reply

Your email address will not be published.

Previous post കുടുംബസമേതം കവർച്ച;നാട്ടിലേക്ക് അയക്കുന്നത് 49,000 രൂപ
Next post ‘വാഹനം വിട്ടുനല്‍കിയില്ലെങ്കിൽ കൈ വെട്ടിക്കളയും’; നഗരസഭാ ഓഫീസിൽക്കയറി CITU നേതാവിന്റെ ഭീഷണി