സര്‍ക്കാർ മോദിഭരണത്തിന്റെ മലയാളപരിഭാഷയെന്ന് ഷാഫി പറമ്പിൽ

നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. സമരങ്ങളോട് എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് അദ്ദേഹം ആരാഞ്ഞു. അപകടസാഹചര്യം ആസൂത്രിതമായി സൃഷ്ടിക്കാനുള്ള ശ്രമമാണ് കരിങ്കൊടി പ്രതിഷേധത്തിന്‍റെ പേരില്‍ ഉണ്ടാകുന്നതെന്നും അത് തടയാനാവശ്യമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

താടിയില്ലെന്നും ഹിന്ദി പറയില്ലെന്നും കോട്ടിട്ടില്ല എന്നതും മാത്രമാകരുത് മോദിയും പിണറായിയും തമ്മിലുള്ള വ്യത്യാസമെന്ന് ഷാഫി പറമ്പൽ സഭയിൽ പറഞ്ഞു. ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോള്‍ പികെ ഫിറോസിനെ അറസ്റ്റ് ചെയ്യാന്‍ വ്യഗ്രത കാണിക്കുകയാണ്. ഒരു കരിങ്കൊടി കാണിക്കുന്നത് ഇത്ര വലിയ കുറ്റമാണോയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയ്‌ക്കെതിരേ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഷാഫി.

തൊട്ടതിനെല്ലാം നികുതി വര്‍ധിപ്പിച്ചു. അടച്ചിട്ട വീടിനു പോലും നികുതി. പെട്രോളിനും ഡീസലിനും അധിക സെസ്. അങ്ങനെ എല്ലാം വര്‍ധിപ്പിച്ചിട്ട് പ്രതിപക്ഷത്തോട് സമരം ചെയ്യരുത് എന്ന് പറയാന്‍ ഞങ്ങള്‍ ആരുടെയും അടിമകളല്ല. ഞങ്ങള്‍ക്കാരെയും ഭയവുമില്ല. എന്തിനാണ് ഒരു കറുത്ത കഷണം തുണിയെ മുഖ്യമന്ത്രി ഭയപ്പെടുന്നത്? നികുതി ഭീകരതയ്‌ക്കെതിരേ പ്രതിഷേധം തുടരുകതന്നെ ചെയ്യും. ആക്ഷേപിച്ചോ ഭയപ്പെടുത്തിയോ പോലീസിനെ ഉപയോഗിച്ച് തല്ലിത്തകര്‍ത്തോ പ്രതിഷേധത്തെ ഇല്ലാതാക്കാമെന്ന് കരുതരുതെന്നും ഷാഫി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post കോടികളുടെ തിരിമറി, പാര്‍ട്ടിയറിയാതെ നിയമനങ്ങള്‍ ; പി.കെ ശശിക്കെതിരായ തെളിവുകള്‍ പുറത്ത്‌
Next post ‘അച്ഛനോട് സംസാരിക്കണമെന്ന് ഇപ്പോഴും തോന്നാറുണ്ട്’; കുതിരവട്ടം പപ്പുവിനെ അനുസ്മരിച്ച് ബിനു പപ്പു