
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങല്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കി
വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമാക്കി. ഇതുമായി ബന്ധപ്പെട്ട് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ മുഴുവന്‍ വിവരവും രേഖകളും വേണമെന്നാണ് പുതുക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. വാഹനം വാങ്ങുമ്പോള്‍ വില വ്യക്തമാക്കുന്ന ഇന്‍വോയ്സ്, വാങ്ങുന്ന സ്ഥാവര ജംഗമ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ ധനസ്രോതസിന്റെ രേഖ എന്നിവ ഹാജരാക്കണം.
ഇവ വാങ്ങുന്നതിനായി നല്‍കിയ പണം വ്യക്തിഗത നിക്ഷേപമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ പാസ് ബുക്ക്, വായ്പയാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ അനുമതി പത്രം, പണയമാണെങ്കില്‍ ധനകാര്യ സ്ഥാപനത്തിന്റെ കത്തും രേഖകളും, പഴയ വാഹനം വിറ്റതാണെങ്കില്‍ അതിന്റെ വില അടക്കമുള്ള രേഖകള്‍, വേറെ ഏതെങ്കിലും ധനസ്രോതസുകളാണെങ്കില്‍ അതിന്റെ രേഖകളും നിര്‍ബന്ധമായും ഹാജരാക്കണം