സജി ചെറിയാന്റെ കുന്തവും കുടച്ചക്രവും

ബി വി പവനൻ

മന്ത്രി സജി ചെറിയാന് എന്താണ് സംഭവിച്ചതെന്ന് അമ്പരക്കാത്ത കേരളീയര്‍ ആരെങ്കിലുമുണ്ടോ എന്ന് സംശയമാണ്? ഭരണഘടന പിടിച്ച് അധികാരത്തിലേറിയ ഒരു മന്ത്രിക്ക് ഭരണഘടനയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ എങ്ങനെ കഴിയുന്നു എന്നതാണ് അത്ഭുതം. അതിനെക്കാള്‍ അത്ഭുതം തോന്നുന്നത് സി.പി.എമ്മിനെപ്പോലെ അധികാരം കയ്യാളുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ അത് ന്യയീകരിക്കാന്‍ കഴിയുന്നു എന്നതാണ്.

ഭരണഘടനയുടെ അന്തസത്തയും മൂല്യങ്ങളും തകര്‍ന്നു എന്നും അത് തന്റെതായ ശൈലിയില്‍ പറഞ്ഞു വന്നപ്പോള്‍ അങ്ങനെയായി എന്നുമാണ് സജി ചെറിയാന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സജി ചെറിയാന്റെ ശൈലി ഗംഭീരം എന്നേ പറയാനുള്ളു. ഉദ്ദേശിക്കുന്നതൊന്നും പറഞ്ഞു വരുന്നത് മറ്റൊന്നുമാകുന്ന ശൈലി. അദ്ദേഹത്തിന്റെ ഭരണവും ഇങ്ങനെയാണോ? ഒരു കാര്യം ഉദ്ദേശിച്ച് ഉത്തരവിടുമ്പോള്‍ നേരെ വിപരീതമാകുമോ?

ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് വച്ച് എഴുതിയ ഭരണഘടന എന്നാണ് സജി ചെറിയാന്‍ പ്രസംഗിച്ചതായി നമ്മള്‍ കേള്‍ക്കുന്നത്. അദ്ദേഹം പറയാന്‍ ശ്രമിച്ചത് വേറെ എന്തോ ആയിരുന്നെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. അത് എന്താണാവോ? ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മതേതരത്വം, ജനാധിപത്യം, കുന്തം, കൊടച്ചക്രം എന്നൊക്കെ അതിനടിയില്‍ എഴുതി വച്ചിട്ടുണ്ടെന്നുമാണ് സജി ചെറിയാന്‍ പറയുന്നത്. ശരിക്കും മന്ത്രി ഉദ്ദേശിച്ചത് ഭരണഘടനയുടെ അന്തസത്ത തകര്‍ന്നു എന്നാണ്. പക്ഷേ പറഞ്ഞു വന്നപ്പോള്‍ കുന്തം, കൊടച്ചക്രം എന്നായിപ്പോയി.

വ്യാഖ്യാനത്തിന്റെ കാര്യത്തില്‍ അസാധാരണ പാടവം പ്രകടിപ്പിക്കാറുള്ള സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറയുന്നത് മന്ത്രിക്ക് നാക്ക് പിഴ ഉണ്ടായതാവാം എന്നാണ്. പണ്ട് പിണറായി വിജയന്‍ ഇതേ പോലെ എന്തോ പറഞ്ഞപ്പോള്‍ അത് ‘വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം’ എന്നാണ് കെ.ഇ.എന്‍ സിദ്ധാന്തിച്ചത്. ഇവിടെ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നൊക്കെ സജി ചെറിയാന്‍ പറഞ്ഞത് നാക്കു പിഴയുടെ സൗന്ദര്യം എന്ന് ബേബി പറയാതിരുന്നത് ഭാഗ്യമായി.

ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തതാണ് ഭരണഘടനയില്‍ കേട്ടെഴുതി വച്ചിരിക്കുത് എന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്. ഭരണഘടനയുടെ നിര്‍മ്മാണ വേളയില്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്‌ളിയില്‍ നടന്ന ഉജ്വലമായ വാദ പ്രതിവാദങ്ങളും ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തതാണോ? 1946 മുതല്‍ 49 വരെ നീണ്ടു നിന്നതാണ് ആ ചര്‍ച്ച. ഡോ.അംബേദ്ക്കര്‍, ഡോ.രാജേന്ദ്ര പ്രസാദ്, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ മഹാരഥന്മാരെല്ലാം ബ്രിട്ടീഷുകാരുടെ കേട്ടെഴുത്തുകാരായിരുന്നു എന്നാണോ മന്ത്രി പറയുന്നത്. ലോകത്തെ ഏറ്റവും വിശിഷ്ടവും ബ്രഹ്ത്തുമായ ഭരണഘടനയാണ് നമ്മുടേത് എന്നത് ലോകം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. അതാണ് കുന്തവും കുടച്ചക്രവുമെന്നൊക്കെ മന്ത്രി പറയുന്നത്.

കേരള നിമയ സഭ അന്നത്തെ ചര്‍ച്ചയുടെ മലയാള വിവര്‍ത്തനം ഇപ്പോള്‍ തയ്യാറാക്കുന്നുണ്ട്. ഇപ്പോഴത്തെ സ്പീക്കര്‍ എം.ബി.രാജേഷിന്റെ സ്വപ്‌ന പദ്ധതിയാണ് വമ്പന്‍ ചിലവുള്ള ആ പദ്ധതി. വന്‍ സജ്ജീകരണങ്ങളുമൊരുക്കി അതിന്റെ പ്രവര്‍ത്തനം നടന്നു വിരികായണ്. ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള മനോഹരമായ സാധനമാണ് ഭരണഘടനയെങ്കില്‍ അതെന്തിനാണ് ഈ മന്ത്രി ഉള്‍പ്പെടുന്ന ഭരണ കൂടം മലയാാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുന്നത്.

ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തവരാണ് കമ്യൂണിസ്റ്റുകാര്‍. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിലാണ് അവരുടെ വിശ്വാസം. കമ്യൂണിസത്തിലേക്കും അവിടെ നിന്ന് സോഷ്യലിസത്തിലേക്കുമുള്ള പ്രയാണത്തിലെ ഇടത്താവളം മാത്രമാണ് ജനാധിപത്യം. ആ ഇടത്താവളത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുമ്പോഴത്തെ ബുദ്ധിമുട്ടുകളാണോ സജി ചെറിയാനും അനുഭവിക്കുന്നത്.

ഭരണഘടനയുടെ ഒരു സൃഷ്ടിയാണ് പിണറായി മന്ത്രിസഭയും അതിലെ മന്ത്രിമാരും. ഭരണഘടന അനുസരിച്ചാണ് ഗവര്‍ണര്‍ പിണറായി വിജയനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചതും മന്ത്രിമാരെ നിയമിച്ചതും. ആ മന്ത്രിസഭ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാനും ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും ബാദ്ധ്യസ്ഥമാണ്. ഭരണഘടനയുടെ ഉല്പന്നമായ മന്ത്രി തന്നെ ഭരണഘടനയെ തള്ളിപ്പറയുകയാണ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post യുവനടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബുവിനെ ചോദ്യം ചെയ്യാം . ജാമ്യം റദ്ധാക്കില്ല : സുപ്രീം കോടതി
Next post മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രേ ഹ​ർ​ജി; വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും