
സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ വിരമിച്ചു
സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധ കെ.ആര്. ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറാണ് ശൈലജ.
1997 ല്‍ ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ ആയി സര്‍വ്വീസില്‍ പ്രവേശിച്ച ഇവര്‍ കോട്ടയം, ഇടുക്കി, വയനാട്, തിരുവനന്തപുരം ജില്ലകളിലെ ഫിംഗര്‍പ്രിന്റ് ബ്യൂറോകളില്‍ സേവനം അനുഷ്ടിച്ചു. നിരവധി കേസന്വേഷണങ്ങളില്‍ നിര്‍ണ്ണായക തെളിവായ വിരലടയാളങ്ങള്‍ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് ശൈലജയുടെ വൈദഗ്ദ്ധ്യമായിരുന്നു. കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ വിരലടയാളം പ്രധാനതെളിവായി മാറിയതാണ് അവയില്‍ ഏറെ പ്രധാനം. ശൈലജ വിശകലനം ചെയ്ത വിരലടയാളങ്ങള്‍ തെളിവായി സ്വീകരിച്ച് അസ്സം സ്വദേശിയായ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു.
തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി കെ.പത്മകുമാര്‍ കെ.ആര്. ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ വി.നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോക്യാപ്ഷന്‍ :
ഫോട്ടോ 1 – പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ എ.ഡി.ജി.പി കെ.പത്മകുമാര്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്. ശൈലജയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ വി.നിഗാര്‍ ബാബു എന്നിവര്‍ സമീപം.