സംവാദത്തിനിടെ പറഞ്ഞ ഇംഗ്ലീഷ് വാചകത്തിന്റെ പേരിൽ പരിഹാസം; മറുപടി നൽകി മന്ത്രി ആർ ബിന്ദു

സ്വകാര്യ ചാനൽ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെ പറഞ്ഞ ഇംഗ്ലിഷ് വാചകത്തിന്റെ പേരിൽ പരിഹസിക്കുന്ന ആളുകൾക്ക് മറുപടി നൽകി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു.  ‘Wherever I go, I take my house in my head’ എന്ന മന്ത്രി പറഞ്ഞ വാചകമാണ് പരിഹാസത്തിനു കാരണമായത്. പരാമർശത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും പരിഹാസം ശക്തമാവുകയും 
ചെയ്തതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെത്തന്നെ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.   

“തലച്ചുമടായല്ല പകരം തലയ്ക്കകത്തു തന്നെ സ്ത്രീകൾക്ക് വീടിനെ എടുക്കേണ്ടി വരുന്നുണ്ട്.  അവർ എവിടെപ്പോയാലും എന്നു തന്നെയാണ് പറഞ്ഞത്. പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്കു മറുപടി നൽകി. എല്ലാ സുഹൃത്തുക്കളോടും അത് തന്നെയാണ് പറയാനുള്ളത്. ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ’’ – താൻ നടത്തിയ പരാമർശം ഉൾപ്പെടുന്ന മുഴുവൻ വിഡിയോ പങ്കുവച്ച് മന്ത്രി കുറിച്ചു

നേരത്തെ, ബിജെപി നേതാവ് സന്ദീപ് വാചസ്പതി അടക്കമുള്ളവർ ഫെയ്സ്ബുക്കിലൂടെ മന്ത്രിയെ പരിഹസിച്ച്  രംഗത്തെത്തിയിരുന്നു.
അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:

തരൂർ ശൈലിയിൽ ഇംഗ്ലിഷ് സംസാരിക്കുന്നത് പാണ്ഡിത്യത്തിന്റെ ലക്ഷണമായോ ഇംഗ്ലിഷ് സംസാരിക്കാൻ അറിയാത്തത് പോരായ്മയായോ കരുതുന്നില്ല. മന്ത്രിക്ക് ഇംഗ്ലിഷ് സംസാരിക്കാൻ സാധിക്കണം എന്ന് നിർബന്ധവുമില്ല. പക്ഷേ ഒരു കോളജ് അധ്യാപികയ്ക്ക്, ഡോക്ടറൽ ബിരുദധാരിക്ക് ഇംഗ്ലിഷ് പരിജ്ഞാനം അത്യാവശ്യമാണ്. അവർ ഒരു മുന്തിയ കോളജിലെ ഇംഗ്ലിഷ് വിഭാഗം മേധാവി കൂടി ആയാലോ? അപ്പോൾ മന്ത്രി ഡോക്ടർ ബിന്ദുവിനെപ്പോലുള്ളവർ നാടിന് അപമാനവും ശാപവും ആയി മാറും.

ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിനു വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു. ഹൗസും (House) ഹോമും (Home) തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത ഇവരാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി. ഇവരൊക്കെ ചേർന്ന് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തെ എവിടെ എത്തിച്ചു എന്ന് ഇതോടെ മനസ്സിലാകും. പാർട്ടി അടിമകളായി കൊടി പിടിച്ച് നിരവധി തലമുറകളുടെ ഭാവി തുലച്ചു എന്നത് മാത്രമാണ് ഇവരുടെയൊക്കെ യോഗ്യത. പിടിക്കപ്പെടാത്ത ഇത്തരം ആർഷോമാരും വിദ്യമാരുമാണ് കേരളത്തിന്റെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും എന്ന തിരിച്ചറിവ് ഓരോ മലയാളിക്കും ഉണ്ടാകണം. എന്നിട്ട് വേണം നമ്പർ വൺ സ്ഥാനം അവകാശപ്പെടാൻ.

Leave a Reply

Your email address will not be published.

Previous post ബസിൽ വെച്ച് പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തി; പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു
Next post മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മകളുടെ ‘ശവസംസ്‌കാരം’ നടത്തി കുടുംബം; മരണാനന്തര ചടങ്ങുകളും നിർവഹിച്ചു