
ഷാജന്‍ സ്‌ക്കറിയ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനല്ലേ
ഏഷ്യാനെറ്റിനെകൊള്ളുകയും മറുനാടന്‍ മലയാളിയെ തള്ളുകളും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വര്‍ഗ വഞ്ചകരാണ്
ഷാജന്‍ സ്‌കറിയ ആരാണ് ശരിക്കും. കള്ളനാണോ. കൊലപാതകിയാണോ. തീവ്രവാദിയാണോ. രാജ്യദ്രോഹിയാണോ. ലഹരികടത്തുകാരനാണോ. മതമൗലികവാദിയാണോ. സ്വര്‍ണ്ണക്കടത്തുകാരനാണോ. നികുതി വെട്ടിപ്പുകാരനാണോ. ഇതൊന്നുമല്ലെങ്കില്‍പ്പിന്നെ ഇയാള്‍ ആരാണ്. ആര്‍ക്കുവേണ്ടിയാണയാള്‍ കുരിശിലേറ്റപ്പെടുന്നത്. അയാള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെന്ന് പറയാന്‍ ഒരു മടിയുമില്ല. പക്ഷെ, ഷാജന്‍ സ്‌കറിയ മാധ്യമ പ്രവര്‍ത്തകനാണോ, അതോ യൂ ട്യൂബറോ, അതോ വ്യാജ വാര്‍ത്താ നിര്‍മ്മിതി ഫാക്ടറിയോ ആണെന്ന ചിന്ത പുരോഗമന പ്രസ്ഥാനത്തിനു മാത്രമാണോ ഉള്ളത്. അല്ല, ഷാജന്‍ സ്‌ക്കറിയ മാധ്യമ പ്രവര്‍ത്തകനല്ലെന്ന് ആദ്യം മുദ്രകുത്തിയത് കേരളത്തിലെ മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്.

അവരാണ് വര്‍ഗബോധമില്ലാത്തവരായി അധപ്പതിച്ചത്. ഒരു വിഷയത്തില്‍ ഉപരിപ്ലവമായ വാര്‍ത്തകള്‍ മാത്രം നല്‍കി പോകുന്ന മുഖ്യധാരക്കാര്‍ പറയാന്‍ മടിക്കുന്നതും, ബോധപൂര്‍വ്വം പറയാതിരിക്കുന്നതുമായ കാര്യങ്ങള്‍ പറയാന്‍ മടി കാണിക്കാത്തവരാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്താ ചാനലുകള്‍ നടത്തുന്നവര്‍. അതില്‍ പ്രധാനിയാണ് ഷ്ജന്‍ സ്‌ക്കറിയ. എന്താണോ ചെയ്യാന്‍ പാടില്ലാത്തത്, അത് ചെയ്യുന്ന രാഷ്ട്രീയക്കാരും, ബിസിനസ്സുകാരുമെല്ലാം ഷാജന്‍ സ്‌ക്കറിയയുടെ വാര്‍ത്തയില്‍ ഇടം പിടിക്കുന്നുണ്ട്. ഇത്തരക്കാരുടെ പേടിസ്വപ്നമാണയാള്‍. അയാളുടെ ശബ്ദത്തെ ഇല്ലാതാക്കേണ്ടത് അവരുടെ ആവശ്യമാണ്.
കാട്ടിലെ ഒറ്റയാനായിരുന്ന അരിക്കൊമ്പനെ, സ്വന്തം രാജ്യത്തുനിന്നും, കുടുംബത്തില്‍ നിന്നും, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി മയക്കു വെടിവെച്ച് കയ്യും കാലും കെട്ടിവരിഞ്ഞു, കുങ്കിയാനകളെക്കൊണ്ട് മര്‍ദ്ധിച്ച് നാടുകടത്തിയിട്ട്
റിസോര്‍ട്ട് മാഫിയക്ക് വിടുപണി ചെയ്തപോലെ, ചിലര്‍ക്കൊക്കെ സ്വര്യമായി ഇവിടെ വിഹരിക്കണമെങ്കില്‍, സല്‍പ്പേര് നിലനിര്‍ത്തണമെങ്കില്‍ ഷാജന്റെ നാവരിയേണ്ടത് അത്യാവശ്യമാണ്.

നിരവധി വാര്‍ത്താ ചാനലുകള്‍ കേരളത്തിലുണ്ടെങ്കിലും ഒന്നുറങ്ങും മുമ്പ് മറുനാടന്‍ മലയാളി എന്ന വാര്‍ത്താ ചാനല്‍ പറുന്ന സത്യം കേട്ടിട്ടുറങ്ങാമെന്ന് ചിന്തിക്കുന്ന എത്രയോ ലക്ഷം പ്രേക്ഷകരാണ് കേരളത്തിലുള്ളത്. ഭരണകൂടത്തിന്റെ വഴിവിട്ട ചെയ്തികളെ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷം എന്നാല്‍, നിഷ്‌ക്രിയത്വത്തിന്റെ ഉദാഹരണമായ പ്രതിപക്ഷത്തിന്റെ ജോലി ഏറ്റെടുത്ത് ചെയ്യുന്നതും ഷാജന്‍ സ്‌ക്കറിയയാണ്. ജനാധിപത്യത്തിന്റെ നാലാംതൂണില്‍ ചാരി നിന്ന് ഞങ്ങളാണ് മുഖ്യധാരാ മാധ്യമങ്ങളെ
വിളിച്ചു പറയുന്നവര്‍ ആരും ഭരണകൂടത്തിന്റെ ചെയ്തികളെ ചോദ്യെ ചെയ്യുന്നില്ല. ഏഷ്യാനെറ്റിനെ ഹിന്ദു വര്‍ഗീയതയുടെ പക്ഷത്തു കെട്ടിയിട്ട സര്‍ക്കാര്‍, നിരന്തരം നിര്‍ഭയം അവരെ വേട്ടയാടുകതയാണ്. മഹാരാജാസ് കോളേജിലെ എഴുതാത്ത പരീക്ഷയ്ക്ക് വിജയിച്ച എസ്.എഫ്.ഐക്കാരന്റെ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ക്കെതിരേ കേസെടുത്തിരുന്നു. പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ മാത്രം ചെയ്യുന്ന വിനു വി ജോണിനെതിരേയും, വ്യാജ വാര്‍ത്ത നിര്‍മ്മിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കേസെടുത്ത ഷാജഹാന്‍, സിന്ധു സൂര്യകുമാര്‍ എന്നിവര്‍ക്കെതിരേയും കേസുണ്ട്.

ഇവര്‍ക്കെതിരേ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ സമരം നടത്തി. എന്നാല്‍, ഷാജന്‍ സ്‌ക്കറിയയെ തകര്‍ക്കാന്‍ ശ്രമിച്ചത് അറിഞ്ഞിട്ടും ഒരക്ഷരം മിണ്ടാന്‍ ആരും തയ്യാറാകുന്നില്ല. ഏഷ്യാനെറ്റ് മുഖ്യധാരാ മാധ്യമവും മറുനാടന്‍ മലയാളി വെറും യൂ ട്യൂബ് ചാനലും ആയതു കൊണ്ടാണോ ഈ വിവേചനം. ഭരണകൂടവും, കളങ്കിത കച്ചവടക്കാരും, തീവ്രവാദികളുമൊക്കെക്കൂടി ഷാജനെ വളഞ്ഞിട്ടാക്രമിക്കുമ്പോള്‍ നിങ്ങളെന്തു ചെയ്തു എന്നൊരു ചോദ്യം ബാക്കിയുണ്ട്. അയാള്‍ അജിത് ഡോവലിന്റെ മകനെപ്പറ്റി വാര്‍ത്ത ചെയ്തു, അതുകൊണ്ടു പിന്തുണക്കില്ല എന്നൊരുകൂട്ടം. മുരളീധരനെയും, സുരേന്ദ്രനെയും വിമര്‍ശിച്ചു, അതുകൊണ്ട് പിന്തുണക്കില്ല എന്ന് വേറൊരുകൂട്ടം. പള്ളിയെയും, അച്ചന്മാരെയും വിമര്‍ശിച്ചു, അതുകൊണ്ട് പിന്തുണക്കില്ലെന്ന് മറ്റൊരു കൂട്ടര്‍. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു, അതുകൊണ്ടു പിന്തുണയില്ല എന്നൊരു കൂട്ടര്‍. സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിസ്ഥാനത്തായവര്‍ക്ക് പിന്തുണയേയില്ലെന്ന് ഒരു കൂട്ടര്‍. ഇങ്ങനെ ഓരോ കൂട്ടമായി മാറി നിന്ന് ആക്രമിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കേണ്ടതല്ലേ. നല്ലത് ആരു ചെയ്താലും അംഗീകരിക്കണ്ടേ. അതുപോലെ എവിടെ തെറ്റു കണ്ടാലും പറയണ്ടേ.

മറുനാടന്‍ മലയാളിയെപ്പോലെ എഷ്യാനെറ്റും, മറ്റു വാര്‍ത്താ ചാനലുകളും പതിവാക്കിയവ്യാജ വാര്‍ത്താ നിര്‍മ്മിതിയാണ് കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വ്യാജ വാര്‍ത്തകള്‍ കൊണ്ട് രാഷ്ട്രീയക്കാരെ മോശക്കാരാക്കുന്നത് പതിവാക്കിയോ. എന്തിനാണ് ഇവര്‍ ഇങ്ങനെ വ്യാജവാര്‍ത്ത ചമയ്ക്കുന്നത്. ഇതാണ് ഭരണകൂടത്തിന്റെ വേവലാതി. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം എന്താണ് സംഭവിച്ചത്. ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ടയാണ് മാധ്യമ പ്രവര്‍ത്തകരെന്നാണോ രാഷ്ട്രീയക്കാര്‍ ധരിച്ചിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഫാസിഷത്തിനെതിരേ എല്ലാ ആയുധങ്ങളും പ്രയോഗിക്കുമെന്നും, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ സംരക്ഷിക്കുമെന്നും പറഞ്ഞവരാണ് തലയില്‍ മുണ്ടിട്ട് ആക്രമിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചു വരുന്നതെങ്കില്‍ ജനപക്ഷത്തു നിന്ന് സത്യം വെളിച്ചത്തു കൊണ്ടുവരേണ്ട കടമ മാധ്യമങ്ങള്‍ക്കുള്ളത്. ജനാധിപത്യത്തിന്റെ സുഗമമായ നടപ്പുരീതിക്ക് വിപരീതമായി സര്‍ക്കാറില്‍ നിന്നുതന്നെ പിടിവീണാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഏകാധിപത്യത്തിലേക്കു നീങ്ങുമെന്നാണ് ഇന്നുവരെയുള്ള ചരിത്രം. ആ ചരിത്രം ആരും വിസ്മരിക്കരുത്.

മാധ്യമ പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കാലത്താണ് ഈ ആശങ്ക പങ്കുവെക്കുന്നത്.
നിലവിലെ അവസ്ഥയില്‍ പൗരസ്വാതന്ത്രത്തെക്കാള്‍ താഴെയാണ് മാധ്യമ സ്വാതന്ത്രത്തിന്റെ സ്ഥാനം. രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അറിയാനുള്ള സ്വാതന്ത്രത്തെ നടപ്പാക്കുന്നത് വാര്‍ത്താമാധ്യമങ്ങളാണ്. ചില മാധ്യമങ്ങള്‍ അവിടെയും ഇവിടെയും കൊള്ളിക്കാതെ ഉപരിപ്ലവമായ വാര്‍ത്തകള്‍ മാത്രം നല്‍കിപ്പോകുന്നുണ്ട്. വാര്‍ത്താമാധ്യമങ്ങള്‍ക്ക് പുറമേ, സമൂഹ മാധ്യമങ്ങള്‍ക്ക് നേരെയും സര്‍ക്കാറിന്റെ മുഷ്ടി ഉയര്‍ന്നുകഴിഞ്ഞു. ഇവിടെയൊക്കെ ആര്‍ട്ടിക്കിള്‍ 19 ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്രം എന്ന ഭരണഘടനാ മൂല്യം പൂര്‍ണമായി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങള്‍ വ്യക്തിഗതമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഇടങ്ങളാണ്. അവിടെ തങ്ങള്‍ക്കെതിരെ അഭിപ്രായം പറയുന്ന ഏത് രീതിയിലും പിന്തുണക്കുന്ന പോസ്റ്റുകള്‍ പാടില്ല എന്ന സര്‍ക്കാറിന്റെ ദുര്‍വാശി അത്ഭുതപ്പെടുത്തുന്നു. നടക്കുന്ന കാര്യങ്ങള്‍ സത്യാവസ്ഥയോടെ റിപ്പോര്‍ട്ട് ചെയ്യുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയോ മറ്റോ സ്വാധീനത്തിന് കാരണമായാല്‍ അത് പൊതുജനത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും. നിര്‍ഭാഗ്യവശാല്‍ ചില മാധ്യമങ്ങളില്‍ പലതിന്റെയും ദുസ്വഭാവമാണ് ഈ ‘ചാരല്‍’ നയം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ആദ്യമായി ഉണ്ടാവുന്ന ഒരു പ്രശ്നം മറ്റു പ്രധാന വാര്‍ത്തകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടില്ല എന്നതാണ്.

രണ്ടാമത്തെ പ്രശ്നം പൊതുജനത്തിനിടയില്‍ വാര്‍ത്ത മാധ്യമങ്ങളോടുള്ള വിശ്വാസ്യത നഷ്ടപ്പെടും എന്നതുമാണ്. പ്രത്യേകിച്ച് വാര്‍ത്താ മാധ്യമങ്ങളെ സോഷ്യല്‍ മീഡിയ വ്യാപകമായി വിചാരണ ചെയ്യുന്ന ഈ കാലഘട്ടത്തില്‍. ശരിക്കും പൊതുജനത്തെ കഴുതകളാക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. സര്‍ക്കാറിനെ അന്തമായി പിന്തുണക്കുക, തെറ്റായ നയങ്ങളില്‍ നിന്ന് നേതാക്കന്‍മാരുടെ മുഖം മിനുക്കുക എന്നതല്ല മാധ്യമധര്‍മം, നയങ്ങളെ കൃത്യമായി പരിശോധിച്ച് വിമര്‍ശനാത്മകവും യുക്തിസഹവുമായ വിലയിരുത്തലുകളാണ് ഉണ്ടാവേണ്ടത്. അതാണ് മാധ്യമങ്ങള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം, അഥവാ മാധ്യമ സദാചാരം.

സര്‍ക്കാര്‍ നല്‍കുന്ന തെറ്റായ വിശദാംശങ്ങള്‍ അതേപടി വിഴുങ്ങുന്ന മാധ്യമസ്ഥാപനങ്ങളെയും ന്യൂസ് ഏജന്‍സികളെയുമാണ് ആദ്യം പ്രതിക്കൂട്ടില്‍ കയറ്റേണ്ടത്. ഇവരാണ് ശരിക്കും രാജ്യദ്രേഹികള്‍. സത്യത്തില്‍, കുറച്ച് കൂടി കാര്യക്ഷമമായി അന്വേഷിക്കുമ്പോള്‍ വ്യക്തമാവുക മാധ്യമസ്ഥാപനങ്ങളേക്കാളുപരി മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കൂടുതല്‍ അവകാശലംഘനങ്ങള്‍ നേരിടേണ്ടി വന്നത് എന്നാണ്. തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്ന വല്ലതും ഉള്‍പ്പെട്ടാല്‍ ആ റിപ്പോര്‍ട്ട് പിന്നീട് പുറം ലോകം കാണില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ന് മലയാള മാധ്യങ്ങളെ പ്രധാനമായും രണ്ട് വിഭാഗമായി തരം തിരിക്കാം. ഒന്ന് സര്‍ക്കാറിന്റെ തീരുമാനങ്ങളെ അന്തമായി പിന്തുടര്‍ന്ന് തെറ്റായ നയങ്ങളെ വരെ ന്യായീകരിക്കാന്‍ ആവേശം കാണിക്കുന്ന ഒരു വിഭാഗം. രണ്ട്, മാധ്യമ സദാചാരം ഒരു പരിധിവരെ പാലിച്ച് ജനങ്ങളിലേക്ക് സത്യസന്ധമായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന മറ്റൊരു വിഭാഗം. ഇതില്‍ ആദ്യ വിഭാഗമാണ് വാര്‍ത്താ മാധ്യമ ധര്‍മത്തെ കളങ്കപ്പെടുത്തുന്നത്. ഇവര്‍ വലിയൊരു ശതമാനം വരുന്ന പിന്നോക്ക, മധ്യവര്‍ഗ വിഭാഗങ്ങളെ തെറ്റായ സന്ദേശങ്ങള്‍ നല്‍കി കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മാധ്യമപ്രവര്‍ത്തനം എന്നത് ഒരു സാമൂഹ്യ പ്രവര്‍ത്തനമാണ്. സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിലൂടെ ഓരോ മാധ്യമപ്രവര്‍ത്തകനും ജനാധിപത്യത്തെ ബഹുമാനിക്കുന്ന ഒരു യഥാര്‍ഥ രാജ്യസ്നേഹിയായി മാറുന്നു