
ശ്രീലങ്കൻ പ്രസിഡന്റ് ഇന്ന് രാജി വെച്ചേക്കും : സ്‌പീക്കർ
കൊളംബോ : ശ്രീലങ്കയിൽ കലാപം അതിരു വിട്ടതിനെ തുടർന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജി വെച്ചേക്കുമെന്ന് സ്പീക്കർ . എന്നാൽ മാലി ദ്വീപിലുള്ള ഗോതബയ രജപക്സെ സിംഗപ്പൂരിലേക്ക് പോകുമെന്നും റിപോർട്ടുണ്ട് . പ്രസിഡന്റിനെ ഫോണിൽ വിളിച്ചാണ് രാജിയുടെ കാര്യം ആവശ്യപ്പെട്ടതെന്ന് സ്പീക്കർ പറഞ്ഞത് . പ്രധാന മന്ത്രിയുടെ ഓഫീസും പ്രതിഷേധക്കാർ കയ്യേറി . ഇതിനിടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് . പ്രസിഡണ്ട് രാജിവെക്കാതെ പ്രതിഷേധങ്ങൾ നിർത്തി വെക്കില്ല എന്ന ആണ് ശ്രീലങ്കയിൽ നിന്ന് ലഭിക്കുന്ന വിവരം
മലവെള്ളം പോലെ പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരമ്പി കയറി നാശങ്ങൾ ഉണ്ടാക്കുന്ന അവസ്ഥയാണ് കുറച്ച ദിവസങ്ങളായി ശ്രീലങ്കയിൽ അരങ്ങേറുന്നത് . പൊലീസിനോ, സൈന്യത്തിനോ അവരെ തടയാനായില്ല. പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ എല്ലാ ഭാഗത്തേക്കും പാഞ്ഞുകയറിയ ജനക്കൂട്ടം പ്രസിഡന്റിന്റെ അടുക്കളയും നീന്തല്‍ക്കുളവും കയ്യേറി. അടുക്കളയിലുണ്ടായിരുന്ന ഭക്ഷണം അവര്‍ കഴിച്ചു. നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിച്ചു. പ്രസിഡന്റിന്റെ കസേരയില്‍ ആളുകള്‍ കയറി ഇരിക്കുന്ന ചിത്രവും പുറത്തു വന്നു. പ്രക്ഷോഭകരെ നേരിടാന്‍ സൈന്യം ആകാശത്തേക്ക് പല തവണ വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. പക്ഷേ അതെല്ലാം നിഷ്ഫലമായി. ഒരു വിഭാഗം സൈനികരും കലാപത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമായതോടെ രാജ്യത്ത് പ്രക്ഷോഭം കടുത്തിരുന്നു. ആയിരക്കണക്കിനാളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊളംബോയിലെത്തിയിരുന്നു. പ്രക്ഷോഭകര്‍ ഇന്ന് രാവിലെയോടെ രജപക്സെയുടെ ഔദ്യോഗിക വസതി വളഞ്ഞതോടെയാണ് അദ്ദേഹം രാജ്യം വിട്ടതെന്നാണ് റിപ്പോർട്ട് .സുരക്ഷാ വലയങ്ങളെല്ലാം ഭേദിച്ച് പ്രക്ഷോഭകര്‍ വസതിയുടെ അകത്ത് കടന്നു. വസതിയുടെ ജനാലചില്ലുകളും ഗേറ്റുകളും ഉള്‍പ്പെടെ തകര്‍ത്താണ് പ്രതിഷേധക്കാര്‍ അകത്തെത്തിയത്.
പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇവിടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷാഭത്തിനു പിന്നാലെ, മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിട്ടും ഗോട്ടബയ പ്രസിഡന്റായി തുടരുകയായിരുന്നു