
ശ്രീലങ്കയില്‍ വീണ്ടും ജനകീയ പ്രതിഷേധം; ജനങ്ങള്‍ പാര്‍ലമെന്‍റ് മന്ദിരം വളഞ്ഞു
കൊളംബോ: ശ്രീലങ്കയില്‍ ജനകീയ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. കൊളംബോയില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞു. സൈന്യം ഓഫീസിനും ചുറ്റും സുരക്ഷാവലയം തീര്‍ത്തു. ആയിരക്കണക്കിനാളുകള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധ പ്രകടങ്ങൾ നടത്തുന്നു .
പ്രസിഡന്‍റ് ഗോത്തബയ രജപക്സെ രാജിവെക്കില്ലെന്ന് വന്നതോടെ ജനങ്ങള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. പ്രസിഡന്‍റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല. എപ്പോള്‍ രാജിവെക്കുന്നോ അപ്പോള്‍ വരെയും പ്രതിഷേധം തുടരുമെന്നാണ് സമരക്കാര്‍ വ്യക്തമാക്കുന്നത്. ഇതുവരെ പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ഇപ്പോള്‍ അത് പാര്‍ലമെന്‍റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുന്നു.
ഇന്ന് പ്രസിഡന്‍റ് രാജിവെക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഷേധക്കാര്‍. എന്നാല്‍ അവസാന നിമിഷം പ്രസിഡന്‍റ് ചില ഉപാധികള്‍ മുന്നോട്ട് വച്ചു. ഇതിനു ശേഷം മാലിദ്വീപിലേക്ക് കടന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനുള്ള ഗോത്തബയയുടെ നീക്കത്തില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.
ജനകീയ പ്രക്ഷോഭങ്ങൾക്ക് നടുവിൽ നിന്നാണ് ശ്രീലങ്കൻ പ്രസിഡന്‍റ് ഗോത്തബയ രാജപക്സെ രാജ്യം വിട്ടത്. ഭാര്യ ലോമ രാജപക്സെയുമൊന്നിച്ച് സൈനികവിമാനത്തിൽ ഗോത്തബയ മാലിദ്വീപിലെത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഗോത്തബയയും കുടുംബവും ഇന്നലെ രണ്ട് തവണ രാജ്യം വിടാൻ ശ്രമിച്ചെങ്കിലും വിമാനത്താവളത്തിൽ വച്ച് യാത്രക്കാർ തന്നെ ഇവരെ തടയുകയായിരുന്നു. തുടർന്നാണ് സൈനികവിമാനത്തിൽ ഇവർ രക്ഷപ്പെട്ടത്. ആദ്യം മാലിദ്വീപിൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയില്ലെങ്കിലും മാലിദ്വീപ് പാർലമെന്‍റിന്‍റെ സ്പീക്കർ മജ്‍ലിസും മുൻ പ്രസിഡന്‍റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാൻ അനുമതിയായത്. സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ രാജി നൽകാമെന്ന ഉപാധിയാണ് രാജപക്സെ മുന്നോട്ട് വച്ചിരുന്നത്.
ഗോത്തബയ രാജ്യം വിട്ടതോടെ പുതിയ ശ്രീലങ്കൻ പ്രസിഡന്‍റ് ആരാകുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. പ്രതിപക്ഷനേതാവ് സജിത് പ്രേമദാസയെ പുതിയ പ്രസിഡന്റായി നാമനിർദേശം ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ ധാരണയിലെത്തി.
