
ശ്രീലങ്കയിലെ പ്രതിസന്ധി; അഭയാർത്ഥി പ്രവാഹത്തിന് സാധ്യത
ശ്രീലങ്കയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അഭയാർത്ഥി പ്രവാഹത്തിൽ കരുതിയിരിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്. ശ്രീലങ്കയിൽ മാനുഷിക സഹായം ഉറപ്പുവരുത്തുമെന്നും അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങളാണ് ജനങ്ങളെ തെരുവിലേക്കിറക്കിയത്. ഘടനാപരമായ തിരുത്തലുകള്‍ രാജ്യത്തെ ഭരണ സംവിധാനത്തില്‍ അനിവാര്യമാണെന്ന് സ്ഥാപിക്കുകയാണ് ശ്രീലങ്കന്‍ ജനത. നേതാവും നേതൃത്വവുമില്ലാതെ ശ്രീലങ്ക മുഴുവന്‍ വ്യാപിച്ച പ്രക്ഷോഭം തണുക്കണമെങ്കില്‍ രാജ്യം നേരിടുന്ന പ്രതിസന്ധി ഭാഗമികമായെങ്കിലും പരിഹരിക്കപ്പെടണം.
സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അങ്ങേയറ്റം ആദരിക്കുന്ന ശീലമാണ് ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ളത്. ഭരണകൂട വീഴ്ചകളുടെ തിരിച്ചടികള്‍ നേരിട്ടുതുടങ്ങിയതോടെ പൗരന്മാര്‍ സംയമനം കയ്യൊഴിഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ കണ്ടുപരിചയമില്ലാത്ത ശൈലി പിന്തുടരുന്നത് ശ്രീലങ്കയിലെ ഭരണാധികാരികള്‍ സമീപ വര്‍ഷങ്ങളില്‍ ശീലമാക്കി.
ടൂറിസം മേഖലയില്‍ കൊവിഡും കാര്‍ഷിക മേഖലയില്‍ ജൈവകൃഷി തീരുമാനവും വന്നതോടെ ഖജനാവില്‍ വിദേശനാണ്യം ഇല്ലാത്ത അവസ്ഥയിലേക്കെത്തി. ചൈനീസ് പദ്ധതികള്‍ ചൈനീസ് കളിപ്പാട്ടങ്ങളെ പോലെ വേഗത്തില്‍ ഉപയോഗ ശൂന്യമായപ്പോള്‍ ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തി.