
ശരീരത്തോട് ചേര്‍ത്ത് കെട്ടി കുഴൽപ്പണം കടത്ത്;
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കോടി കുഴൽപ്പണം പിടികൂടി. രണ്ട് തമിഴ്നാട് സ്വദേശികളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെ നാലരയ്ക്ക് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഐലൻഡ് എക്സ്പ്രസിലാണ്, രേഖകൾ ഇല്ലാത്ത പണം കടത്തിയത്. ഒരു കോടി, രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. മധുര സ്വദേശികളായ ബാലകൃഷ്ണൻ, ഗണേശൻ എന്നിവരാണ് പണം കടത്തിയത്. ബെംഗളൂരുവിൽ നിന്ന് കായംകുളത്തേക്കായിരുന്നു ഇവരുടെ യാത്ര.
ജനറൽ കംപാർട്ട്മെൻ്റിലായിരുന്നു തുണിയിൽ പൊതിഞ്ഞ് ശരീരത്തിൽ ചേർത്ത് കെട്ടിയായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. പെട്ടന്ന് തിരിച്ചറിയാതിരിക്കാനാണ് ഈ വിദ്യ. മുമ്പും പണം കടത്തിയിട്ടുണ്ട് എന്നാണ് ഇരുവരുടെയും മൊഴി. തുടർ അന്വേഷണത്തിനായി കേസ്, ആദായ നികുതി വകുപ്പിന് കൈമാറി.