ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ്

ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം മന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. തീർത്ഥാടകർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന 19 റോഡുകളുടെ സ്ഥിതി വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകുകയും ചെയ്തതതായി മന്ത്രി അറിയിച്ചു. ഒക്ടോബർ 19, 20 തീയതികളിൽ പൊതുമരാമത്ത് മന്ത്രി റോഡുകളിലൂടെ വാഹനത്തിൽ സഞ്ചരിച്ച് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തും. അതിന് മുന്നോടിയായി ഒക്ടോബർ അഞ്ചിന് ചീഫ് എഞ്ചിനീയർമാർ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. റോഡുകളുടെ അവസ്ഥ തൃപ്തികരമല്ല എങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും എന്ന് താക്കീത് നൽകിയതായും മന്ത്രി പറഞ്ഞു. സാങ്കേതികത്വത്തിന്റെ പേരിൽ റോഡ് നിർമാണം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ നീക്കിയതിനാൽ ഇത്തവണ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിൽ വലിയ തീർത്ഥാടക പ്രവാഹം പ്രതീക്ഷിക്കുന്നുവെന്നും  സീസണിന് ഏറെ മുമ്പ് ഇത്തരം ഒരു യോഗം ചേർന്നത് ഗുണകരമാകുമെന്നും  സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous post ഒരു പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യും? ജനങ്ങൾക്ക് പറയാനുള്ളത്! 
Next post സ്വതന്ത്ര സോഫ്റ്റ്‌വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി – മന്ത്രി വി.ശിവൻകുട്ടി