
ശബരിനാഥന്റെ അറസ്റ്റില്‍ പ്രതിഷേധം; പ്രതിപക്ഷം സഭ വിട്ടിറങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തര പ്രമേയ നോട്ടിസിനെ സര്‍ക്കാര്‍ ഭയപ്പെടുന്നുവെന്ന് വി.ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി ഭീരുവിനെ പോലെ പെരുമാറുകയാണ് എന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.പ്രതിഷേധമുന്നയിച്ച പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ഷാഫി പറമ്പിലാണ് സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. ശബരിനാഥനെതിരെ കള്ളക്കേസ് എടുത്തു, മുഖ്യമന്ത്രിയുടെ ഓഫിസ് അതിന് കൂട്ടുനിന്നു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള നടപടികള്‍ കൂടുന്നതെന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു.
അടിയന്തര പ്രമേയ നോട്ടിസ് പരിഗണനയിലെടുക്കുന്നതിന് മുന്‍പേ തന്നെ ക്രമപ്രശ്‌നവുമായി മന്ത്രി പി രാജീവ് സഭയില്‍ എഴുന്നേറ്റു. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസാണ് ശബരിനാഥനെതിരെയുള്ളതെന്നും അത് കേസിനെ ബാധിക്കുമെന്നും പി രാജീവ് പറഞ്ഞു. അതേസമയം സോളാര്‍ കേസും ബാര്‍ കോഴ കേസുമൊക്കെ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ നിരവധി തവണ സഭയില്‍ ചര്‍ച്ച ചെയ്തതാണെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി.