വെള്ളാപ്പള്ളിക്ക് തിരിച്ചടി; ക്രമിനല്‍ കേസുള്ളവര്‍ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന് ഹൈക്കോടതി

എന്‍.എന്‍. ട്രസ്റ്റ് ബൈലോയില്‍ നിര്‍ണ്ണായക ഭേദഗതിക്ക് ഹൈക്കോടതിയുടെ അംഗീകാരം. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എസ്.എന്‍. ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി.

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ. കെ. മഹേശന്റെ മരണത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു മാരാരിക്കുളം പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ബൈലോയിലെ ഭേദഗതി വെള്ളാപ്പള്ളിക്ക് തിരിച്ചടിയാണ്.

മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ എസ്.എന്‍. ട്രസ്റ്റിന്റെ സ്വത്തു സംബന്ധമായ ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. എസ്.എന്‍. ട്രസ്റ്റ് ബൈലോ തയ്യാറാക്കിയത് ഹൈക്കോടതിയാണ്. അതിനാല്‍ ബൈലോ ഭേദഗതി ചെയ്യാനും ഹൈക്കോടതിക്ക് മാത്രമാണ് അധികാരം.

ക്രിമിനല്‍ കേസുകളില്‍ കുറ്റവിമുക്തരാവുന്നത് വരെ ട്രസ്റ്റ് ഭാരവാഹികളായി തുടരാന്‍ പാടില്ലെന്നാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിന്റെ ഉത്തരവില്‍ പറയുന്നത്. കുറ്റവിമുക്തരാക്കപ്പെട്ടാല്‍ ഭാരവാഹിത്വത്തലേക്ക് തിരിച്ചുവരുന്നതിന് തടസ്സങ്ങളുണ്ടാവില്ല.

Leave a Reply

Your email address will not be published.

Previous post ആറാംക്ലാസ് മുതലുള്ള സ്‌കൂൾ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രലാക്കാന്‍ നിര്‍ദേശം
Next post കടുവകളെ വയനാടന്‍ കാട്ടില്‍ നിന്ന് മാറ്റും, ആനകളുടെ വംശവര്‍ധന തടയാന്‍ വന്ധ്യംകരണം-മന്ത്രി ശശീന്ദ്രന്‍