
വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ഓരോ കുപ്പി മദ്യം സമ്മാനം നൽകി; വധുവിന്റെ വീട്ടുകാര്‍ക്ക് 50,000 രൂപ പിഴചുമത്തി
വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്ക് മദ്യം വിതരണം ചെയ്ത സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കും ഇവര്‍ക്ക് മദ്യംവിറ്റ കടക്കാരനും പിഴ വിധിച്ചു. 50,000 രൂപയാണ് പിഴവിധിച്ചത്. മേയ് 28-ന് പുതുച്ചേരിയില്‍ വെച്ച് നടന്ന വിവാഹവിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് താംബൂലം സഞ്ചിയില്‍ ഓരോ കുപ്പി മദ്യം കൂടെ നല്‍കിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

പുതുച്ചേരി സ്വദേശിയായ യുവതിയും ചെന്നൈ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹത്തെ തുടര്‍ന്നുള്ള വിരുന്നില്‍ വെച്ചായിരുന്നു സംഭവം. മദ്യത്തിന് വിലക്കുറവായതിനാല്‍ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലേക്ക് ചെന്നൈയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ മദ്യം വാങ്ങാനായി എത്താറുണ്ട്.

പുതുച്ചേരിയില്‍ വെച്ച് നടത്തുന്ന വിരുന്നായതിനാല്‍ ക്ഷണിച്ചപ്പോള്‍ത്തന്നെ പല അതിഥികളും മദ്യമുണ്ടോയെന്ന് ചോദിച്ചെന്നും അതിനാലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും വധുവിന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ അനധികൃതമായി കൂടുതല്‍ മദ്യം വാങ്ങിയതിനും വിതരണം ചെയ്തതിനും വധുവിന്റെ വീട്ടുകാര്‍ക്കെതിരെ നടപടിയെടുത്തു.