
വിവാഹവാഗ്ദാനം നൽകി പണം തട്ടി; അശ്വതി അച്ചു പിടിയില്‍
വിവാഹവാഗ്ദാനം നൽകി റിട്ട. ബാങ്ക് ജീവനക്കാരനായ അറുപത്തിയാറുകാരനിൽനിന്നു പണം തട്ടിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം പേരൂർക്കട വയലിക്കട അപ്പാർട്ട്‌മെന്റിലെ താമസക്കാരി അശ്വതി അച്ചു (39)വിനെയാണ് പൂവാർ സി.ഐ. എസ്.ബി.പ്രവീൺ, എസ്.ഐ. തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിയാണ് ഇവർ. പോലീസുകാരെ ഹണിട്രാപ്പുകളിൽ കുടുക്കിയെന്ന് ഇവർക്കെതിരേ നേരത്തേ പരാതിയുണ്ട്.
പരാതിക്കാരന്റെ ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാനായാണ് അശ്വതി അച്ചുവിനെ ഒരാൾ പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് ഇവർ 66-കാരനെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. വിവാഹത്തിനു മുമ്പ് അശ്വതി അച്ചുവിന്റെ ബാധ്യത തീർക്കാനെന്ന പേരിൽ ആദ്യഘട്ടത്തിൽ 25000 രൂപ കൈപ്പറ്റി. പിന്നീട് വിവാഹം രജിസ്റ്റർ ചെയ്യാനെന്ന പേരിൽ 15000 രൂപയും യുവതി കൈക്കലാക്കി.
വിവാഹം രജിസ്റ്റർ ചെയ്യുന്നതിനു മുമ്പായി പൂവാറിലെ ഒരു ആധാരം എഴുത്ത് ഓഫീസിൽ ഇവർ എത്തി. എന്നാൽ, ഫോട്ടോ ഇല്ലെന്ന കാരണം പറഞ്ഞ് യുവതി തിരികെപ്പോകുകയായിരുന്നു. അപ്പോഴാണ് 15000 രൂപ കൈക്കലാക്കിയതെന്ന് പരാതിയിൽ പറയുന്നു.
