
വിവാഹമോചിതയായ സ്ത്രീയാണെന്ന വ്യാജേന ചാറ്റുചെയ്തു ലക്ഷങ്ങള്‍ തട്ടി; യുവാവ് അറസ്റ്റില്‍
വിവാഹമോചിതയായ സ്ത്രീയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹംചെയ്യാൻ സന്നദ്ധത അറിയിച്ചുകൊണ്ട് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മദ് അദ്നാനെ(31)യാണ് പരപ്പനങ്ങാടി സി.ഐ. കെ.ജെ. ജിനേഷും സംഘവും അറസ്റ്റുചെയ്തത്.
ഏഴുമാസം മുൻപാണ് അനഘ എന്നു പേരുള്ള പെൺകുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ പലഘട്ടങ്ങളിലായി അരിയല്ലൂർ സ്വദേശിയായ യുവാവിൽനിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തത്. ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ് അദ്നാനായും രണ്ടു റോളുകളാണ് ഇയാൾ കൈകാര്യംചെയ്തിരുന്നത്. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽമീഡിയയിൽനിന്ന് ഡൗൺലോഡ്ചെയ്ത ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചുനൽകി.
കബളിപ്പിക്കപ്പെട്ടതാണെന്നുള്ള സംശയത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന് പരാതി നൽകുകയായിരുന്നു. പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അജീഷ് കെ. ജോൺ, ജയദേവൻ, സിവിൽ പോലീസ് ഓഫീസമാരായ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.