
വിവാഹത്തെ കുറിച്ചുള്ള സങ്കൽപം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി
യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ താന്‍ വിവാഹം കഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.
ഉടനെയെങ്ങാനും കല്ല്യാണം കഴിക്കാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ‘യോജിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ ഞാന്‍ വിവാഹം കഴിക്കും. പങ്കാളിയെ കുറിച്ച് പ്രത്യേകിച്ച് സങ്കല്‍പ്പങ്ങളൊന്നുമില്ല. ബുദ്ധിശാലിയായ, സ്‌നേഹിക്കാന്‍ അറിയുന്ന പെണ്‍കുട്ടിയാകണം എന്നുമാത്രം’, രാഹുല്‍ മറുപടി പറഞ്ഞു.
ഭാരത് ജോഡോ യാത്രക്കിടെ നിരവധി തവണ രാഹുല്‍ ഗാന്ധി വിവാഹം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കാളി എങ്ങനെയുള്ള ആളാകണമെന്നുള്ള ചോദ്യത്തിന് സോണിയ ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും സ്വഭാവസവിശേഷതകളുള്ള ആളാകണമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
12 സംസ്ഥാനങ്ങളിലൂടെ കാശ്മീരിലെത്തിയ രാഹുലിന്റെ ഭാരത് ജോഡോ യാത്ര 129 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. കന്യാകുമാരിയില്‍ നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 7-ന് ആരംഭിച്ച ജോഡോ യാത്ര ജനുവരി 30-ന് സമാപിക്കും.