
വിവാഹത്തിന് പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി സംവിധായകന്‍ വിഷ്ണു മോഹനും അഭിരാമിയും
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുകയാണ് ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. പ്രധാനമന്ത്രിക്ക് മകളുടെ കല്യാണക്കാര്യം അറിയിച്ചുകൊണ്ട് ഒരു മെയില്‍ ഇടുക മാത്രമാണ് രാധാകൃഷ്ണന്‍ ചെയ്തത്. എന്നാല്‍, പി.എം.ഒ. ഓഫീസില്‍നിന്നു വിളിച്ച്, കേരളത്തില്‍ വരുമ്പോള്‍ പ്രധാനമന്ത്രി രാധാകൃഷ്ണനെയും കുടുംബത്തെയും നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും താജ് മലബാറിലേക്ക് എത്താനും നിര്‍ദേശിച്ചു.
എ.എന്‍. രാധാകൃഷ്ണന്‍, ഭാര്യ അംബികാ ദേവി, മകള്‍ അഭിരാമി, പ്രതിശ്രുത വരന്‍ സിനിമാ സംവിധായകന്‍ വിഷ്ണു മോഹന്‍ എന്നിവരാണ് മോദിയെ കാണാന്‍ എത്തിയത്. സെപ്റ്റംബര്‍ മൂന്നിനാണ് വിവാഹം.
മുണ്ടും വെറ്റിലയും അടയ്ക്കയും കല്യാണക്കത്തും മോദിക്ക് നല്‍കി വധൂവരന്മാര്‍ അനുഗ്രഹം തേടി. വിവാഹ മംഗളാശംസകള്‍ നേര്‍ന്ന് മോദി അവരെ യാത്രയാക്കി.