
വിഴിഞ്ഞം സമരം മുന്‍കൂട്ടി തയാറാക്കിയത് : മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെത്തിയവർ വിഴിഞ്ഞത്തുള്ളവരല്ലന്നും സമരം മുന്‍കൂട്ടി തയാറാക്കിയതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. തുറമുഖനിര്‍മാണം ഒരു തരത്തിലുള്ള തീരശോഷണത്തിനും കാരണമാകില്ലെന്ന കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ റിപ്പോർട്ടുണ്ടെന്നും മന്ത്രി വെക്തമാക്കി.
ഹരിത ട്രൈബ്യൂണല്‍ രൂപീകരിച്ച രണ്ട് വിദഗ്ധ സമിതികള്‍ ഓരോ ആറു മാസം കൂടുമ്പോഴും വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങളും മറ്റും വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുറമുഖനിര്‍മാണം ആരംഭിച്ച ശേഷം പ്രദേശത്തിന്റെ അഞ്ചു കിലോമീറ്റര്‍ ദൂരപരിധിയില്‍ യാതൊരു തീരശോഷണവും സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ ചുഴലിക്കാറ്റുകള്‍, ന്യൂനമര്‍ദം എന്നിവയാണ് തീരശോഷണത്തിനു പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖപദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതിക്കെതിരായ നിലപാട് വികസനവിരുദ്ധം മാത്രമല്ല ജനവിരുദ്ധവുമാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണുന്നുണ്ട്. അത് പരിഹരിക്കാന്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സജീവമായ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.