
വിഴിഞ്ഞം, ശബരിമല സമരങ്ങൾ: ഭരണവൈകല്യം കാരണമെന്ന് കെ.മുരളീധരൻ
വിഴിഞ്ഞം പദ്ധതിക്കെതിരെയും ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെയും ഉണ്ടായ സമരം ആളിക്കത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഭരണ വൈകല്യത്തെ ചൂണ്ടിക്കാണിക്കുന്നു എന്ന് കെ. മുരളീധരൻ എം പി . ബിഷപ്പിന്റെയും തന്ത്രിയുടെയും പേരിൽ ഒന്നാം പ്രതിയാക്കി കേസ് എടുത്തു കൊണ്ടല്ല പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. . ലീഡർ സാംസ്‌കാരിക വേദി ആറ്റിങ്ങലിൽ സംഘടിപ്പിച്ച ലീഡർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള വികസനം കെ. കരുണാകരന്റെ വികസന മാതൃക ആയിരിക്കണമെന്നും മുരളീധരൻ അദ്ദേഹം പറഞ്ഞു. പൂന്തുറ കലാപം ആളിപ്പടരാതിരുന്നത് കെ. കരുണാകരന്റെ നയപരമായ തീരുമാനം കൊണ്ടാണെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. ആദർശത്തിന്റെ പേരിൽ മുഖ്യമന്ത്രി പദം പോലും വേണ്ടെന്നു വച്ചവരാണ് കരുണാകരൻ ഉൾപ്പെടെ ഉള്ള കോൺഗ്രസ് നേതാക്കളെന്നും മുരളീധരൻ പറഞ്ഞു.
