
വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ 100 കോടി ചിലവിട്ടു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
വിഴിഞ്ഞം പദ്ധതിയോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ 100 കോടി രൂപ ചിലവഴിച്ചതായി തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. “വിഴിഞ്ഞം മേഖലയിലുള്ള ബോട്ടുകള്‍ എല്ലാം ഇന്‍ഷുര്‍ ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ഭൂമി ഏറ്റെടുത്തിട്ടില്ല,” മന്ത്രി കൂട്ടിച്ചേര്‍ത്തു.
തുറമുഖ പദ്ധതിക്കെതിരെയായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തി വന്ന സമരം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു സമരസമിതിയുടെ തീരുമാനം. വിഴിഞ്ഞം സമരം നിയമസഭ നിര്‍ത്തി വച്ച് രണ്ട് മണിക്കൂര്‍ ചര്‍ച്ച ചെയ്തിരുന്നു.
