
വിഴിഞ്ഞം തുറമുഖം: നാലാം ദിവസവും തുടരുന്ന പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ചർച്ച ഇന്ന് 4 മണിക്ക് നടക്കും. ബാറിക്കോഡുകൾ തകർത്ത പ്രതിഷേധക്കാർ തുറമുഖ നിർമാണം തടസപ്പെടുത്തിയിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിലാണ് സർക്കാർ പ്രതിഷേധക്കാരുടെ ചർച്ചക്കൊരുങ്ങിയത്. വിവിധ പ്രതിഷേധ നേതാക്കളുമായി ഇന്ന് സർക്കാർ ചർച്ച നടത്തും.
പ്രതിഷേധക്കാർ തുറമുഖ നിർമാണ പ്രദേശങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ട്ടിച്ചുവെങ്കിലും പോലീസ് സമരക്കാരെ ആരെയും തടയാൻ ശ്രമിച്ചിട്ടില്ല. പ്രകോപനം സൃഷ്ടിക്കേണ്ട എന്നാണ് പോലീസിന്റെ തീരുമാനം. തുറമുഖം പൂർണമായും മത്സ്യത്തൊഴിലാളികൾ കൈയടക്കിയ നിലയിലാണ്. തടിച്ചു കൂടിയ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ മുൻപിൽ പോലീസ് നിസഹായരാണ്.
അന്താരാഷ്ട്ര തുറമുഖ നിർമാണത്തിന്റെ ഭാഗമായുണ്ടായ തീരശോഷണം മൂലം വീടും തൊഴിലും നഷ്ടമായവരെ പുനരധിവസിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം ചെയ്യുന്നത്.