
വിമാനത്തില്‍ നഗ്നതാപ്രദര്‍ശനം; അന്വേഷണത്തിന് എയര്‍ഇന്ത്യ
എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്‍ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു.
പരാതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് രേഖാമൂലം നല്‍കിയതോടെ മാത്രമാണ് അന്വേഷണത്തിന് എയര്‍ ഇന്ത്യ തയ്യാറായത്. സംഭവം കടുത്ത ആഘാതമാണ് തനിക്ക് ഉണ്ടാക്കിയത് വിഷയം കൈകാര്യം ചെയ്യുന്നതില്‍ വിമാനത്തിലെ ജീവനക്കാര്‍ പരാജയപ്പെട്ടു. തന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ യാതൊരു നടപടിയും ജീവനക്കാര്‍ കൈക്കൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു.
നവംബര്‍ 26 ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് പ്രദേശിക സമയം ഒരുമണിക്ക് വിമാനം യാത്രയാരംഭിച്ചതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. ടേക്ക് ഓഫിന് ശേഷം ലൈറ്റുകള്‍ ഓഫ് ചെയ്തതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തന്റെ അടുത്തെത്തുകയും പാന്റ്സിന്റെ സിബ്ബ് അഴിച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു