
വിദ്യാർത്ഥിനികളെ അപമാനിച്ച സംഭവം: കൊല്ലത്ത് നീറ്റ് പരീക്ഷ വീണ്ടും നടത്തും
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിന് പരീക്ഷ നടത്താൻ ദേശീയ പരീക്ഷാ ഏജൻസി ഉത്തരവിറക്കി. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ് വീണ്ടും അവസരം. പരീക്ഷ എഴുതാനെത്തിയ പെൺകുട്ടികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധിച്ച ഉദ്യോഗസ്ഥരുടെ നടപടി വിവാദമായിരുന്നു. സംഭവത്തിൽ അപമാനിതയായ ഒരു പെൺകുട്ടി കൊട്ടാരക്കര പൊലീസിന് പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.കൊല്ലം എസ് എൻ സ്കൂളിലാണ് സെപ്റ്റംബർ നാലാം തീയതി ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.20വരെ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.