
വിദേശത്തെ പണമിടപാടുകളും ഇനി ഈസി; റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ
ആഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. റുപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ രാജ്യാന്തര തലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. വിദേശ അധികാരപരിധിയില്‍ ഇഷ്യൂ ചെയ്യുന്നതിനായി റുപേ കാര്‍ഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കും. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാര്‍ക്കുള്ള പേയ്മെന്റ് ഓപ്ഷനുകള്‍ ഇത് വിപുലീകരിക്കും. പുതിയ തീരുമാനം ആഗോളതലത്തില്‍ റുപേ കാര്‍ഡുകളുടെ വ്യാപനവും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. ആര്‍ബിഐ തീരുമാനത്തോടെ, വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാനാകും. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണംവഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റൂപെ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.